1 Jan 2023 9:21 PM IST
Representative Image
Summary
- മാനവവിഭവശേഷി മന്ത്രാലയമാണ് ഇതിനായി രൂപരേഖ തയ്യാറാക്കുന്നത്
- സ്വകാര്യ മേഖലയിലെ 11 ഓളം മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഉടന്‍ പ്രഖ്യാപിക്കും
സ്വദേശി തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്നതായി സൂചന.
സ്വകാര്യ മേഖലയിലെ നിശ്ചിത മേഖലകളില്‍ ഘട്ടംഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായുള്ള സമഗ്ര രൂപരേഖകള്‍ മാനവവിഭവശേഷി മന്ത്രാലയം തയ്യാറാക്കിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനുള്ള പദ്ധതികളാണിതെന്നാണ് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയിലെ 11 ഓളം മേഖലകളില്‍ കൂടിയാണ് സ്വദേശിവല്‍ക്കരണം ഉടന്‍ പ്രഖ്യാപിക്കുക.
സ്വദേശികളുടെ നൈപുണ്യത്തിന് അനുയോജ്യമായ രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഘട്ടംഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കുക. വരും ദിവസങ്ങളില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
ഒന്നരലക്ഷത്തിലധികം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആവഷ്‌കരിച്ച 'തൗതീന്‍-2'പദ്ധതിയുടെ കീഴിലായാണ് പുതിയ സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കുക.
അതിനിടെ, സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ പറയുന്നു. 2022 മൂന്നാം പാദത്തില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 9.9ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.