7 Jan 2025 7:14 AM GMT
Summary
- മെലാനി ജോളി, അനിത ആനന്ദ്, ക്രിസ്റ്റീന ഫ്രീലാന്‍ഡ് തുടങ്ങിയവര്‍ മുന്‍നിര മത്സരാര്‍ത്ഥികള്‍
- അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലങ്ങള്‍
- കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായ 45 കാരനായ പിയറി പൊയ്ലിവ്രെയാണ് കാനഡയിലെ ജനപ്രിയ നേതാവ്
ജസ്റ്റിന്‍ ട്രൂഡോ കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതോടെ പകരം ഇനി ആര് എന്ന ചോദ്യം ഉയരുന്നു. നിലവില്‍ ഒന്നിലധികം പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയുമാണ്.
ലിബറല്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ഉള്ള മുന്‍ഗണന ദേശീയ കോക്കസിന്റെ ശുപാര്‍ശയില്‍ ഒരു ഇടക്കാല നേതാവിനെ നിയമിക്കുക എന്നതാണ്. ട്രൂഡോയുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തിലെ മുന്‍നിര മത്സരാര്‍ത്ഥികളെ ഇനി പരിശോധിക്കാം.
മെലാനി ജോളിയാണ് ട്രൂഡോയുടെ പിന്‍ഗാമിയാകാന്‍ ശ്രമിക്കുന്ന ഒരു നേതാവ്. 2021ല്‍ വിദേശകാര്യ മന്ത്രിയാകുന്നതിന് മുമ്പ് ജോളി മറ്റ് മൂന്ന് ക്യാബിനറ്റ് പദവികള്‍ വഹിച്ചിരുന്നു. വിദേശകാര്യ മന്ത്രിയായിരിക്കെ, ജോളി പലതവണ ഉക്രെയ്ന്‍ സന്ദര്‍ശിക്കുകയും 2023 ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനുശേഷം കനേഡിയന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജോര്‍ദാന്‍ സന്ദര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ-കാനഡ ബന്ധം ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോഴും അവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് ആണ് അടുത്തനേതാവ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, ഇന്ത്യന്‍ വംശജയായ ഗതാഗത മന്ത്രി അനിത ആനന്ദ് പൊതു സേവനങ്ങളും സംഭരണവും ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2021 ഒക്ടോബര്‍ മുതല്‍ 2023 ജൂലൈ വരെ അവര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു.
യേല്‍, ക്വീന്‍സ് യൂണിവേഴ്സിറ്റി, വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി തുടങ്ങി നിരവധി പ്രശസ്ത സ്ഥാപനങ്ങളില്‍ അക്കാദമിക് പദവികള്‍ വഹിച്ചിട്ടുള്ള അനിത രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുമ്പ് ടൊറന്റോ സര്‍വകലാശാലയില്‍ നിയമ പ്രൊഫസറായിരുന്നു.
അടുത്ത നേതാവ് ക്രിസ്റ്റീന ഫ്രീലാന്‍ഡ് ആണ്. നിലവില്‍, ഫ്രീലാന്‍ഡ് കാനഡയുടെ ഉപപ്രധാനമന്ത്രിയായും ധനമന്ത്രിയായും സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞ മാസം അവര്‍ പരസ്യമായി രാജിപ്രഖ്യാപിക്കുകയും ട്രൂഡോയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും അവര്‍പ്രഖ്യാപിച്ചിരുന്നു.
ലിബറലുകള്‍ തോറ്റാല്‍ കാനഡ പ്രധാനമന്ത്രിയുടെ ഓഫീസിലെത്താന്‍ മുന്‍നിരയിലുള്ളത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായ 45 കാരനായ പിയറി പൊയ്ലിവ്രെയാണ് മുന്‍നിര നേതാവ്. അടുത്തതെരഞ്ഞെടുപ്പില്‍ പിയറി പ്രധാനമന്ത്രിയാകുമെന്നാണ് സര്‍വേഫലങ്ങള്‍ പറയുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവാണ് അദ്ദേഹം. മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറിന്റെ ഭരണത്തില്‍, 2013-15 കാലഘട്ടത്തില്‍ ജനാധിപത്യ പരിഷ്‌കരണ മന്ത്രിയായും പിന്നീട് 2015ല്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രിയായും പൊയ്ലിവര്‍ സേവനമനുഷ്ഠിച്ചു.