1 April 2025 11:21 AM IST
Summary
- പകരച്ചുങ്കം പ്രാബല്യത്തില്‍ വരുന്നതിന് ഒരു ദിവസം മുമ്പാണ് ഈ പരാമര്‍ശം
- അമേരിക്കന്‍ വെണ്ണയ്ക്കും ചീസിനും കാനഡയില്‍ 300 ശതമാനം തീരുവ
അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100% ചുങ്കം ഈടാക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദിഷ്ട പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് ഒരു ദിവസം മുമ്പാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിന്റെ ഈ പരാമര്‍ശം.
മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന ലെവികള്‍ കാരണം യുഎസ് ഉല്‍പ്പന്നങ്ങള്‍ ആ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഏതാണ്ട് അസാധ്യമാക്കുന്നു എന്ന് ലീവിറ്റ് പ്രസ്താവിച്ചു.
യുഎസിന്റെ പാലുല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 50 ശതമാനം തീരുവയും, അരിക്ക് ജപ്പാനില്‍ നിന്ന് 700 ശതമാനം തീരുവയും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് 100 ശതമാനം തീരുവയും, അമേരിക്കന്‍ വെണ്ണയ്ക്കും ചീസിനും കാനഡയില്‍ നിന്ന് ഏകദേശം 300 ശതമാനം തീരുവയും ഈടാക്കുന്നുണ്ടെന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു.
ഈ ഉയര്‍ന്ന താരിഫുകള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വിപണികളില്‍ പ്രവേശിക്കുന്നത് അസാധ്യമാക്കുന്നു. ഇക്കാരണത്താല്‍ യുഎസില്‍ പല ബിസിനസുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്നും പലരുടെയും ജോലി നഷ്ടപ്പെടാന്‍ ഈ ഉയര്‍ന്ന ടാക്‌സുകള്‍ കാരണമായിട്ടുണ്ടെന്നും ലീവിറ്റ് പറഞ്ഞു.
എന്നാല്‍ പരസ്പര താരിഫ് ബാധകമാകുന്ന രാജ്യങ്ങളുടെ പേര് പറയാന്‍ പ്രസ് സെക്രട്ടറി വിസമ്മതിച്ചു, ട്രംപ് ആ പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞു.
ഇന്ത്യയും മറ്റ് രാജ്യങ്ങളും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്ക് 'പരസ്പര തീരുവകള്‍' ഏര്‍പ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതി ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് പറഞ്ഞു.
നേരത്തെ ഈ താരിഫുകള്‍ താല്‍ക്കാലികവും ചെറുതും ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കര്യത്തില്‍ ഒരു ഉറപ്പും ഇപ്പോള്‍ ട്രംപ് നല്‍കുന്നില്ല.