15 Jun 2024 4:56 AM GMT
Summary
- ഖാലിസ്ഥാന്‍ പ്രവര്‍ത്തനം; ഇന്ത്യയുടെ ആശങ്കകള്‍ കാനഡയെ അറിയിച്ചു
- യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദിയുടെ പ്രത്യേക കൂടിക്കാഴ്ച
ഉഭയകക്ഷി ബന്ധം വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ഹ്രസ്വ സംഭാഷണം നടത്തി. ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ഇറ്റലിയിലെ അപുലിയ മേഖലയില്‍ നടക്കുന്ന ജി7 അഡ്വാന്‍സ്ഡ് എക്കണോമി ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും നരേന്ദ്രമോദി പ്രത്യേക സംഭാഷണം നടത്തി. ഇന്ത്യയും അമേരിക്കയും കൂടുതല്‍ ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ചക്കുശേഷം പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
ജി 7 ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ബ്രിട്ടീഷ് കൊളംബിയയില്‍ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ട്രൂഡോ ആരോപണമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗുരുതരമായി വഷളായത്.
ട്രൂഡോയുടെ ആരോപണങ്ങള്‍ 'അസംബന്ധവും' 'പ്രചോദിതവുമാണ്' എന്ന് ഇന്ത്യ തള്ളിയിരുന്നു. ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്നമെന്ന് ഇന്ത്യ വാദിക്കുന്നു.
ഇന്ത്യയുടെ ആശങ്കകള്‍ കാനഡയെഅറിയിച്ചിട്ടുണ്ട്.കാനഡയുമായുള്ള ഇന്ത്യയുടെ പ്രധാന പ്രശ്‌നം തീവ്രവാദത്തിനും അക്രമത്തിനും വേണ്ടി വാദിക്കുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്ക് ഒട്ടാവ നല്‍കുന്ന രാഷ്ട്രീയ ഇടമാണ് എന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര നേരത്തെ പറഞ്ഞിരുന്നു.
കാനഡയെ ഇന്ത്യ ആവര്‍ത്തിച്ച് 'ആഴമായ ആശങ്കകള്‍' അറിയിച്ചിട്ടുണ്ട്. ഈ ഘടകങ്ങള്‍ക്കെതിരെ ഒട്ടാവ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ന്യൂഡല്‍ഹി പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.