27 Oct 2023 8:50 AM GMT
Summary
- പശ്ചിമേഷ്യാ സംഘര്‍ഷം വ്യാപിക്കുമെന്ന് ആശങ്ക
- ഇറാന്റെ പിന്തുണയുള്ള സംഘങ്ങളുടെ താവളങ്ങള്‍ തകര്‍ത്തു
- ഇറാന്റെ നിഴല്‍ യുദ്ധം അവസാനിപ്പിക്കാന്‍ അന്ത്യശാസനം
യുഎസ് യുദ്ധവിമാനങ്ങള്‍ സിറിയയിലെ ഭീകരതാവളങ്ങളില്‍ ബോംബിട്ടത്തോടെ പശ്ചിമേഷ്യാ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക വര്‍ധിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഭീകരരുടെ താവളങ്ങളിലാണ് ആക്രമണം നടന്നത്.
യുഎസ് ആക്രമണം ആഗോളവിപണികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിച്ചാല്‍ അത് വിപണികളെയും ബാധിക്കും. എണ്ണവിലയെ അത് നേരിട്ട് ബാധിക്കുകയും ചെയ്യും.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും മിലിഷ്യ ഗ്രൂപ്പുകളും ഉപയോഗിക്കുന്ന രണ്ട് സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതായി പെന്റഗണ്‍ പറഞ്ഞു. യുഎസ് സേനയ്ക്കെതിരായ ആക്രമണത്തിന് പ്രതികാരമായാണ് നടപടി.
ഇറാന്റെ നിഴല്‍ യുദ്ധം തുടര്‍ന്നാല്‍ യുഎസ് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളും തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു.
ഇറാഖിലും സിറിയയിലും ഇറാന്‍ പിന്തുണയുള്ള സംഘങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 19 തവണയെങ്കിലും യുഎസിനെയും സഖ്യസേനയെയും ആക്രമിച്ചിരുന്നു. ഹമാസ്, ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള എന്നീ സംഘങ്ങളെ ഇറാന്‍ പിന്തുണയ്ക്കുന്നുണ്ട്.
ഹമാസിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍, അതിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് അമേരിക്ക രക്ഷപെടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുള്ളാഹിയന്‍ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞിരുന്നു.
ഇറാഖിന്റെ അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ അബു കമാലിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യുഎസ് വ്യോമാക്രമണം നടന്നത്. രണ്ട് എഫ് -16 യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഒക്ടോബര്‍ 17നാണ് ആക്രമണം ആരംഭിച്ചത്. ഇതിനുള്ള മറുപടിയാണ് ഈ തിരിച്ചടിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ''യുഎസ് സേനയ്ക്കെതിരായ ഇറാന്റെ പിന്തുണയുള്ള ഈ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല, അത് അവസാനിപ്പിക്കണം,'' ഓസ്റ്റിന്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്. വ്യാഴാഴ്ച 900 ഓളം യു.എസ് സൈനികര്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയിട്ടുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.
പാലസ്തീനിലേക്കുള്ള കരസേനയുടെ ആക്രമണം വിശാലമായ പ്ശ്ചിമേഷ്യാ സംഘര്‍ഷത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. അതിനിടെ ഗാസയിലേക്കുള്ള 'ഓപ്പറേഷന്റെ അടുത്ത ഘട്ടം' തയ്യാറാക്കുകയാണെന്ന് ഇസ്രയേല്‍ പറഞ്ഞു.