image

28 May 2024 11:53 AM GMT

Europe and US

യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാര്‍

MyFin Desk

യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാര്‍
X

Summary

  • ജോലിക്കായി 1,27,000 പേരും പഠനത്തിനായി 1,15,000 പേരും സന്ദര്‍ശനത്തിന് 9,000 പേരും യുകെയിലെത്തി
  • യുകെയിലേക്കുള്ള അറ്റ കുടിയേറ്റം കഴിഞ്ഞ വര്‍ഷം 10% കുറഞ്ഞു
  • നഴ്‌സ് വിസകളില്‍ പകുതിയിലേറെയും നേടിയത് ഇന്ത്യക്കാര്‍


ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടമായി യുകെ മാറുകയാണ്. 2023 ല്‍ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാരാണ്. ജോലിക്കും പഠനത്തിനും സന്ദര്‍ശനത്തിനും രാജ്യത്തെത്തിയവരുടെ കണക്ക് പുത്തുവിട്ടിരിക്കുന്നത് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്സാണ്. 2,50,000 പേരാണ് ഇന്ത്യയില്‍ നിന്ന് 2023 ല്‍ യുകെയിലെത്തിയത്. ജോലിക്കായി 1,27,000 പേരും പഠനത്തിനായി 1,15,000 പേരും മറ്റ് കാരണങ്ങളാല്‍ കുടിയേറിയ 9,000 പേരും ഉള്‍പ്പെടുന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

കുടിയേറ്റക്കാരുടെ പ്രവാഹം ഉണ്ടായിരുന്നിട്ടും യുകെയിലേക്കുള്ള അറ്റ കുടിയേറ്റം കഴിഞ്ഞ വര്‍ഷം 10% കുറഞ്ഞു. 2022 ലെ റെക്കോര്‍ഡായ 7,64,000 ല്‍ നിന്ന് 6,85,000 ആയി താഴ്ന്നു. പഠിക്കാനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളെയും ഈ ഇമിഗ്രേഷന്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുകെ ഇമിഗ്രേഷന്റെ ഘടനയില്‍ കാര്യമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. 2023-ലെ മൊത്തം ജനസംഖ്യയുടെ 85% നോണ്‍-യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരായിരുന്നു. 2021-ന് മുമ്പുള്ള കാലഘട്ടത്തില്‍, ദീര്‍ഘകാല കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സംഘം ഇയു പൗരന്മാരായിരുന്നു. ഇയു ഇതര പൗരന്മാര്‍ യുകെയിലേക്ക് മാറുന്നതിനുള്ള പ്രാഥമിക കാരണം ഇപ്പോള്‍ പഠനത്തേക്കാള്‍ ജോലിയാണ്.

നഴ്‌സ് വിസകളില്‍ പകുതിയിലേറെയും ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേപോലെ ഗ്രാഞ്ച്വേറ്റ് വിസകളിലും ഇന്ത്യാക്കാരാണ് മുന്നില്‍. എന്നിരുന്നാലും, സമീപകാല ഹോം ഓഫീസ് സ്ഥിതിവിവരക്കണക്കുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ച പഠന വിസകളില്‍ കുറവുണ്ടായതായി വെളിപ്പെടുത്തുന്നു. ജനുവരിയില്‍ നടപ്പാക്കിയ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള പുതിയ നിയന്ത്രണങ്ങളാണ് ഈ കുറവിന് കാരണമായത്.