image

13 Oct 2023 11:11 AM GMT

Europe and US

സമ്പന്നരായ ഇന്ത്യാക്കാരുടെ പ്രിയ ഇടമായി യുഎഇ

MyFin Desk

UAE is a favorite destination for rich Indians
X

Summary

  • ലോകത്തിലെ 20 സമ്പന്നരായ ഇന്ത്യാക്കാരുടെ കണക്കെടുത്താല്‍ അതില്‍ 18 പേരും യുഎഇയില്‍
  • എന്‍ആര്‍ഐകള്‍ക്ക് ഇഷ്ടപ്പെട്ട രാജ്യം യുഎസ് ,പിന്നാലെ യുഎഇ
  • യുകെയും ഇന്ത്യാക്കാരുടെ പ്രിയപ്പെട്ടഇടമായി വളരുന്നു


ആഗോളതലത്തില്‍ സമ്പന്നരായ ഇന്ത്യാക്കാര്‍ക്ക് ആതിഥ്യമരുളുന്നതില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ. ഇന്ത്യന്‍ വംശജരായ 20 സംരംഭകര്‍ രാജ്യത്ത് താമസിക്കുന്നു.

360 വണ്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ്. അതിസമ്പന്നരായ 47 ഇന്ത്യാക്കാര്‍ യുഎസിനെ സ്വദേശമായി കരുതുന്നു.

അതേസമയം ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 ഇന്ത്യക്കാരില്‍ 18 പേരും ദുബായിലാണ് താമസിക്കുന്നതെന്ന് ഒക്ടോബര്‍ 10 ന് പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 'സമ്പന്നരുടെ പട്ടിക'യില്‍ 96 പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ 84 ശതമാനവും സ്വയം വളര്‍ന്നുവന്നവരാണ്.

വിദേശ ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം യുഎസാണെന്നും യുഎഇയും യുകെയും തൊട്ടുപിന്നാലെയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 138 നഗരങ്ങളില്‍ നിന്നുള്ള 1,319 വ്യക്തികള്‍ ഹുറൂണ്‍ 2023 പട്ടികയില്‍ ഇടംപിടിച്ചു.

ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് ശാന്തിലാല്‍ അദാനി 2023 ലെ യുഎഇയിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന പദവി നേടി. 1290 കോടി ഡോളറാണ് അദ്ദേഹത്തിന്‍റെ സമ്പത്ത്. എന്നാല്‍, അദ്ദേഹത്തിന്‍റെ ആഗോള റാങ്കിംഗ് ഈ വര്‍ഷം ആറില്‍ നിന്ന് 12-ലേക്ക് താഴ്ന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് ശേഷം അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വിപണിയിലെ ഇടിവാണ് കാരണം.

665 കോടി ഡോളര്‍ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എംഎയാണ് രണ്ടാം സ്ഥാനത്ത്. 400 കോടി ഡോളറുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സിഇഒ ഷംഷീര്‍ വയലില്‍ പിന്നാലെയുണ്ട്. 316 കോടി ഡോളറുമായി ജെംസ് ഗ്രൂപ്പിലെ സണ്ണി വര്‍ക്കി നാലാം സ്ഥാനത്താണ്.

2022-ല്‍ തന്റെ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിനായി 283 കോടി ഡോളറിന്റെ ഐപിഒയുമായി യുഎഇ ഓഹരി വിപണിയില്‍ തരംഗമായ വയലില്‍, ഈ വര്‍ഷം ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ പ്രവേശിച്ച 283 പുതിയ സമ്പന്ന ഇന്ത്യക്കാരില്‍ ഒരാളാണ്.

റെസിഡന്‍സി, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റുകളായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച്, ദുബായ് 15 ശതകോടീശ്വരന്മാരും 200-ലധികം ശതകോടീശ്വരന്മാരും അധിവസിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അതിസമ്പന്നര്‍ക്കായി അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായി ദുബായ് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയെ പിന്തള്ളി റാങ്കിംഗില്‍ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എംഡിയും ചെയര്‍മാനുമായ സൈറസ് പൂനാവാല മൂന്നാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി സ്ഥാനം നിലനിര്‍ത്തി. എച്ച്സിഎല്‍ ടെക്നോളജീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നാടാര്‍ നാലാമത്തെ സമ്പന്നനായി ഇന്ത്യന്‍ സ്ഥാനം നിലനിര്‍ത്തി.