26 March 2025 7:26 AM
Summary
- ഇന്ത്യയെയും മറ്റ് ചില രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ട്രംപ് ചൂണ്ടിക്കാട്ടി
- എന്നാല്‍ ട്രംപിന്റെ നീക്കം നിയമപരമായ വെല്ലുവിളികള്‍ക്ക് കാരണമാകും
യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂലമായ മാറ്റങ്ങള്‍ നിര്‍ബന്ധമാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വോട്ടര്‍ രജിസ്‌ട്രേഷന് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിര്‍ബന്ധമാക്കുക, തിരഞ്ഞെടുപ്പ് ദിവസത്തിനുള്ളില്‍ എല്ലാ ബാലറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കാണ് നിര്‍ദ്ദേശം.
ട്രംപിന്റെ ഉത്തരവിന് ഉടനടി നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.
'അടിസ്ഥാനപരവും ആവശ്യമായതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങള്‍ നടപ്പിലാക്കുന്നതില്‍' യുഎസ് പരാജയപ്പെട്ടുവെന്ന് ഉത്തരവില്‍ പറയുന്നു.വോട്ടര്‍ പട്ടികകള്‍ പങ്കിടുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനും ഫെഡറല്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
'ഇന്ത്യയും ബ്രസീലും വോട്ടര്‍ തിരിച്ചറിയലിനെ ഒരു ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരത്വത്തിനായി സ്വയം സാക്ഷ്യപ്പെടുത്തലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്'-ട്രംപ് പറയുന്നു.
ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ യോഗ്യത നേടുന്നതിന് പാസ്പോര്‍ട്ട് പോലുള്ള പൗരത്വ തെളിവ് നിര്‍ബന്ധമാക്കുന്നതിനായി ഫെഡറല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ ഭേദഗതി വരുത്തുന്നതാണ് ഈ സമഗ്ര ഉത്തരവ്.
റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ഈ ഉത്തരവിന് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സമഗ്രതയില്‍ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍ വോട്ടവകാശ സംഘടനകളും ഡെമോക്രാറ്റുകളും ഉത്തരവിനെ അപലപിച്ചു.
ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനുശേഷം പേരുകള്‍ മാറിയ വിവാഹിതരായ സ്ത്രീകള്‍ക്ക് ഉണ്ടാകാവുന്ന രജിസ്‌ട്രേഷന്‍ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.