image

15 Jan 2024 9:04 AM GMT

Economy

ആഗോള സമ്പദ് വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കരിനിഴലിലെന്ന് വിദഗ്ധർ

MyFin Desk

ആഗോള സമ്പദ് വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കരിനിഴലിലെന്ന് വിദഗ്ധർ
X

Summary

  • എങ്കിലും വളര്‍ച്ചയുടെ കാര്യത്തില്‍, ദക്ഷിണേഷ്യ മുന്‍പന്തിയിലുണ്ടാകുക
  • പ്രതിസന്ധികള്‍ സമ്പദ് വ്യവസ്ഥകളെ അസ്ഥിരമാക്കും
  • ആഗോളതലത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കും


ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) റിപ്പോര്‍ട്ട് അനുസരിച്ച് 56 ശതമാനം മുഖ്യ സാമ്പത്തിക വിദഗ്ധരും 2024 ല്‍ ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തില്‍ സാമ്പത്തിക അസ്ഥിരത വര്‍ധിക്കുമെന്ന അഭിപ്രായമാണ് പത്തില്‍ ഏഴ് സാമ്പത്തിക വിദഗ്ധര്‍ക്കും ഉള്ളത്. ആഗോള രാഷ്ട്രീയത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കുമെന്ന് 87ശതമാനം പേരും നിരീക്ഷിക്കുന്നു.

സമ്പദ്വ്യവസ്ഥകളിലെ ആഗോള അനിശ്ചിതത്വത്തിന്റെ ആഘാതം, ലോകമെമ്പാടുമുള്ള വളര്‍ച്ചാ രീതികള്‍, ബിസിനസ്സുകളിലും സാമ്പത്തിക വിപണികളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനം എന്നിവ റിപ്പോര്‍ട്ട് പര്യവേക്ഷണം ചെയ്യുന്നു.

ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും വിപണിയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ച്ചാ പ്രവചനങ്ങളില്‍ പ്രാദേശിക വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും, 2024 ല്‍ ഒരു പ്രദേശവും വളരെ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും എല്ലാ മേഖലകളിലും ഉയര്‍ന്ന പണപ്പെരുപ്പ പ്രതീക്ഷകളില്‍ കുറവുണ്ടായിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം 2 ദശലക്ഷം തൊഴിലാളികള്‍ അധികമായി ജോലി തേടും, അതേസമയം തൊഴില്‍ പങ്കാളിത്ത നിരക്കിലെ കുറവും തൊഴില്‍ വളര്‍ച്ചയിലെ മാന്ദ്യവും ആഗോള തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

അടുത്ത വര്‍ഷം ആഗോള വളര്‍ച്ചാ പ്രതീക്ഷകളിലെ വ്യത്യാസം റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ആഗോള വളര്‍ച്ചയുടെ കാര്യത്തില്‍, ദക്ഷിണേഷ്യയാണ് ഏറ്റവും മുന്‍പന്തിയിലുണ്ടാകുക. 93 ശതമാനം സാമ്പത്തിക വിദഗ്ധര്‍ ഈ മേഖലയിലെ മിതമായതും ശക്തവുമായ വളര്‍ച്ച പ്രവചിക്കുന്നു.

86 ശതമാനം വിദഗ്ധര്‍ കിഴക്കന്‍ ഏഷ്യയിലും പസഫിക്കിലും മിതമായതും ശക്തവുമായ വളര്‍ച്ച പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും (82 ശതമാനം) ദക്ഷിണേഷ്യയില്‍ മിതമായതും ഉയര്‍ന്നതുമായ പണപ്പെരുപ്പമുണ്ടെന്ന് മുന്‍കൂട്ടി കാണുന്നു.

ഇതിന് ചൈന ഒരു അപവാദവാണ്. 69 ശതമാനം വിദഗ്ധര്‍ അവിടെ മിതമായ വളര്‍മാത്രമാകും ഉണ്ടാകുക എന്ന് പറയുന്നു. ദുര്‍ബലമായ ഉപഭോഗം, താഴ്ന്ന വ്യാവസായിക ഉല്‍പ്പാദനം, പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ആശങ്കകള്‍ എന്നിവ ശക്തമായ ഒരു തിരിച്ചുവരവിനെ ബാധിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യൂറോപ്പിലും വളരെ ദുര്‍ബലമായ വളര്‍ച്ചയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. യുഎസിലും പ്രതീക്ഷകള്‍ ദുര്‍ബലമാണ്. മിതമായതോ ഉയര്‍ന്നതോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നുണ്ടെങ്കിലും, 61 ശതമാനം ആളുകള്‍ ഇപ്പോഴും മേഖലയിലും വടക്കേ ആഫ്രിക്കയിലും മിതമായതോ ശക്തമായതോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നു എന്നത് പ്രത്യേകതയാണ്. മധ്യേഷ്യയിലും മിതമായ വളര്‍ച്ചയാണ് ഉണ്ടാകുക. ലാറ്റിനമേരിക്ക, കരീബിയന്‍, സബ്-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലും മിതമായ വളര്‍ച്ച ഉണ്ടാുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആഗോള പ്രതിസന്ധികള്‍ നിക്ഷേപ പ്രവാഹങ്ങളഎയും ബാധിക്കും. ഒപ്പം ഈ കാലത്ത് പല രാജ്യങ്ങളും പ്രദേശികവല്‍ക്കരണത്തില്‍ ശ്രദ്ധചെലുത്തുകയും ചെയ്യും. ആഗോളതലത്തില്‍ ഒരു സാമ്പത്തിക വിഭജനം നടക്കാനുള്ള സാധ്യതയേറെയാണ്.

ഐഎംഎഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള സാമ്പത്തിക ഉല്‍പ്പാദനത്തിലെ നഷ്ടം ഏഴു ശതമാനം വരെ ആകാം. 2023ല്‍ ആഗോള വ്യാപാരം ഇതിനകം അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. എന്നിരുന്നാലും, സഖ്യകക്ഷികള്‍ക്കുള്ളിലെ വ്യാപാരം 2023 മൂന്നാം പാദത്തില്‍ 6.2 ശതമാനം വളര്‍ച്ച കൈവരിച്ചു.

ഈ വര്‍ഷം ഉയര്‍ന്ന വരുമാനമുള്ള സമ്പദ്വ്യവസ്ഥകളില്‍ അതിന്റെ കാര്യക്ഷമതയെയും നവീകരണ നേട്ടങ്ങളെയും കുറിച്ച് മിക്ക മുഖ്യ സാമ്പത്തിക വിദഗ്ധരും ശുഭാപ്തി വിശ്വാസികളാണ്.