21 May 2024 8:46 AM GMT
ഷെങ്കന്‍ വിസ ഫീസ് വര്‍ദ്ധിപ്പിച്ചു;ഇന്ത്യാക്കാരുള്‍പ്പെടെയുള്ളവരുടെ യാത്രാ മോഹങ്ങള്‍ക്ക് തിരിച്ചടി
MyFin Desk
Summary
- മുതിര്‍ന്നവര്‍ക്ക് 80 മുതല്‍ 90 യൂറോ വരേയും കുട്ടികള്‍ക്ക് 40 മുതല്‍ 45 യൂറോ വരേയുമാണ് ഫീസ് വര്‍ധിപ്പിക്കുന്നത്
- പണപ്പെരുപ്പവും സിവില്‍ സര്‍വീസ് ജീവനക്കാരുടെ ശമ്പളവും ഫീസ് വര്‍ദ്ധനവിന് ഇടയാക്കി
- 2023ല്‍, ഷെങ്കന്‍ ഏരിയയ്ക്ക് ഹ്രസ്വകാല വിസ അപേക്ഷകള്‍ ലഭിച്ചത് 10.3 ദശലക്ഷത്തിലധികം
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും. യൂറോപ്യന്‍ കമ്മീഷന്‍ ഷെങ്കന്‍ വിസ ഫീസ് വര്‍ധിപ്പിച്ചു. യൂറോപ്പിലേക്ക് യാത്ര പോകുന്ന ഇന്ത്യാക്കാരുള്‍പ്പെടെയുള്ള വിദേശികളുടെ യാത്രാ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷം ജൂണ്‍ 11 മുതലാണ് ഷെങ്കന്‍ വിസയ്ക്ക് അധിക ഫീസ് നല്‍കേണ്ടിവരുന്നത്. മുതിര്‍ന്നവര്‍ക്ക് 80 മുതല്‍ 90 യൂറോ വരേയും ആറ് മുതല്‍ പന്ത്രണ്ട് വരേ വയസുള്ള കുട്ടികള്‍ക്ക് 40 മുതല്‍ 45 യൂറോ വരേയുമാണ് ഫീസ് വര്‍ധിപ്പിക്കുന്നതെന്ന് സ്ലൊവേനിയയുടെ യൂറോപ്യന്‍,വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ ക്രമരഹിതമായി താമസിക്കുന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിനോട് യോജിക്കാത്ത രാജ്യങ്ങള്‍ക്ക് വിസ ഫീസ് 135 യൂറോ അല്ലെങ്കില്‍ 180 യൂറോ ആയി ഉയത്തിയേക്കാം. ആഗോളതലത്തില്‍ കുറഞ്ഞ കാലയളവിലെ ഷെങ്കന്‍ വിസ ഫീസ് 12 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് സ്ലൊവേനിയന്‍ സര്‍ക്കാര്‍ പറഞ്ഞു.
2023 ഡിസംബറിലെ യൂറോപ്യന്‍ യൂണിയന്‍ വിസ ഫീസ് അവലോകനത്തെ തുടര്‍ന്നാണ് ഷെങ്കന്‍ വിസ ഫീസ് വര്‍ധിപ്പിച്ചത്. ഓരോ മൂന്ന് വര്‍ഷത്തിലും ഷെങ്കന്‍ വിസ കോഡും നിര്‍ബന്ധമാക്കി. പണപ്പെരുപ്പവും സിവില്‍ സര്‍വീസ് ജീവനക്കാരുടെ ശമ്പളവുമാണ് വര്‍ദ്ധനവിന് കാരണമായി യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നത്. 2020 ഫെബ്രുവരിയില്‍ ഫീസ് 60 യൂറോയില്‍ നിന്ന് 80 യൂറോയായി ഉയര്‍ന്നപ്പോഴാണ് അവസാനമായി വര്‍ധിച്ചത്. യൂറോപ്യന്‍ യൂണിയനുമായുള്ള വിസ രഹിത കരാറിനായി കാത്തിരിക്കുന്ന തുര്‍ക്കി പൗരന്മാര്‍ക്കിടയില്‍ വിസ ഫീസ് വര്‍ധന അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. 2023ല്‍, ഷെങ്കന്‍ ഏരിയയ്ക്ക് 10.3 ദശലക്ഷത്തിലധികം ഹ്രസ്വകാല വിസ അപേക്ഷകള്‍ ലഭിച്ചു. 2022-ല്‍ നിന്ന് 37% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2019 ലെ 17 ദശലക്ഷം അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവരെ ലഭിച്ച അപേക്ഷകള്‍ വളരെ കുറവാണ്. 29 യൂറോപ്യന്‍ രാജ്യങ്ങളാണ് ഷെങ്കന്‍ ഏരിയയില്‍ ഉള്‍പ്പെടുന്നത്. ഷെങ്കന്‍ വിസ ലഭിക്കുന്നവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. ഇന്ത്യയില്‍ നിന്ന് അടുത്തിടെ ധാരാളം പേരാണ് യൂറോപ്പിലേക്ക് യാത്രപോകാന്‍ താല്‍പര്യം കാണിക്കുന്നത്. ഇവരുടെ യാത്രാ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് വിസാ ഫീസ് വര്‍ധന നടപ്പിലാക്കുന്നത്.