22 Sep 2023 7:07 AM GMT
Summary
- വലതുപക്ഷ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയ മാധ്യമ മേധാവി
- പകരം സ്ഥാനത്തേക്ക് മകന്‍ ലാച്‌ലാന്‍ മര്‍ഡോക്ക്
- പടിയിറങ്ങുന്നത് ഫോക്‌സ് ന്യൂസിന്റെ പ്രതിസന്ധി ഘട്ടത്തില്‍
ഫോക്സിന്റെയും ന്യൂസ് കോര്‍പ്പറേഷന്റെയും ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതായി മാധ്യമ മുതലാളി റൂപര്‍ട്ട് മര്‍ഡോക്ക് പ്രഖ്യാപിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ മകന്‍ ലാച്‌ലാന്‍ മര്‍ഡോക്ക് ന്യൂസ് കോര്‍പ്പിന്റെ ഏക ചെയര്‍മാനായും ഫോക്‌സിന്റെ സിഇഒ ആയും തുടരും.
ഫോക്‌സ് കോര്‍പ്പറേഷന്റെയും ന്യൂസ് കോര്‍പ്പറേഷന്റെയും ബോര്‍ഡുകളില്‍ നിന്ന് പടിയിറങ്ങിയ മര്‍ഡോക്ക്, മറ്റേതൊരു വ്യക്തിയേക്കാളും പാശ്ചാത്യ ലോകത്തെ വലതുപക്ഷ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ തന്റെ മാധ്യമ സാമ്രാജ്യം ഉപയോഗിച്ചയാളാണ്. യുഎസിലെ ഫോക്സ് ന്യൂസ് ചാനല്‍ ഉള്‍പ്പെടുന്ന തന്റെ മാധ്യമ സ്വത്തുക്കള്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന വാര്‍ത്താ ഔട്ട്ലെറ്റുകള്‍ക്കെതിരെ ഉപയോഗിച്ചു.
ഫോക്സ് ന്യൂസിന് ഏറെ ബുദ്ധിമുട്ടു നേരിടുന്ന വര്‍ഷത്തിലാണ് മര്‍ഡോക്കിന്റെ പടിയിറക്കം.
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് അനുകൂലമായും ഡൊണാള്‍ഡ് ട്രംപിനെതിരെയും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതായി അവകാശപ്പെട്ട് മര്‍ഡോക്ക് വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച മാനനഷ്ടക്കേസ് തീര്‍പ്പാക്കാന്‍ 787.5 ദശലക്ഷം ഡോളര്‍ അദ്ദേഹത്തിന് നല്‍കേണ്ടിവന്നു. വോട്ടിംഗ് മെഷീന്‍ കമ്പനിയായ സ്മാര്‍ട്ട്മാറ്റിക്കില്‍ നിന്ന് 270 കോടി ഡോളറിന്റെ മറ്റൊരു കേസും അദ്ദേഹം നേരിടുന്നുണ്ട്. മുന്‍നിര ഹോസ്റ്റായ ടക്കര്‍ കാള്‍സണെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ റേറ്റിംഗ് തകര്‍ച്ചയും ഫോക്സ് ന്യൂസ് നേരിടുന്നുണ്ട്. കാള്‍സണുമായി ഉണ്ടായ കേസ് പരിഹരിക്കാന്‍ അദ്ദേഹത്തിന് 12 ദശലക്ഷം ഡോളര്‍ നല്‍കേണ്ടിവരികയും ചെയ്തു.
മര്‍ഡോക്ക് കമ്പനിയെ തന്റെ മകന്‍ ലാച്ച്ലന് കൈമാറുന്നു-അദ്ദേഹം തന്റെ ചില സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പിതാവിന്റെ വലതുപക്ഷ പ്രവണതകള്‍ പങ്കിടുന്ന വ്യക്തിയാണ്.
''എന്റെ മുഴുവന്‍ പ്രൊഫഷണല്‍ ജീവിതത്തിലും, ഞാന്‍ ദിവസവും വാര്‍ത്തകളും ആശയങ്ങളുമായി ഇടപഴകുന്നു, അത് മാറില്ല. എന്നാല്‍ എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനുള്ള സമയമായി'മര്‍ഡോക്ക് ജീവനക്കാര്‍ക്കുള്ള മെമ്മോയില്‍ എഴുതി.
'പതിറ്റാണ്ടുകളായി ഞങ്ങള്‍ കൂട്ടായി നേടിയതില്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നു. അതിനായി എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. അവരെ ഞാന്‍ വിലമതിക്കുന്നു. '', അദ്ദേഹം പറയുന്നു.
''ഫോക്‌സ്, ന്യൂസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരുടെ ബോര്‍ഡുകള്‍, ലീഡര്‍ഷിപ്പ് ടീമുകള്‍, മര്‍ഡോക്കിന്റെ കഠിനാധ്വാനത്തില്‍ നിന്ന് പ്രയോജനം നേടിയ എല്ലാ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും വേണ്ടി, 70 വര്‍ഷത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് ഞാന്‍ എന്റെ പിതാവിനെ അഭിനന്ദിക്കുന്നു,'' ലാച്‌ലന്‍ മര്‍ഡോക്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഫോബ്സിന്‍റെ കണക്കനുസരിച്ച് മര്‍ഡോക്ക് ഏകദേശം 1700 കോടി ഡോളറിന്റെ സമ്പത്തിനുടമയാണ്. അദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ ഫോക്‌സ് ന്യൂസ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് പോസ്റ്റ് എന്നിവയും ലോകമെമ്പാടുമുള്ള മറ്റ് മാധ്യമ ആസ്തികളും ഉള്‍പ്പെടുന്നു.