image

26 Oct 2023 6:06 AM GMT

Europe and US

യുഎസില്‍ ഭക്ഷ്യസുരക്ഷ കുറയുന്നു

MyFin Desk

food insecurity is increasing in the us
X

Summary

  • 2022ല്‍ 17 ദശലക്ഷം കുടുംബങ്ങള്‍ ആവശ്യത്തിന് ഭക്ഷണമില്ലാതെ വലഞ്ഞു
  • കോവിഡ് പകർച്ചവ്യാധിക്കു ശേഷം ഭക്ഷ്യ സുരക്ഷ താളംതെറ്റി
  • 2022ല്‍ രാജ്യത്തെ ശിശുജനസംഖ്യയുടെ 18 ശതമാനവും ഭക്ഷ്യസുരക്ഷയില്ലാത്ത വീടുകളിലായിരുന്നു


മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-ല്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ കുട്ടികളുള്ള ഒരു ദശലക്ഷം കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷങ്ങളായി യുഎസില്‍ പട്ടിണി കുറയുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്. താഴ്ന്ന വരുമാനക്കാരായ അമേരിക്കക്കാര്‍ കോവിഡ് പകർച്ചവ്യാധിയില്‍ നിന്നും കരകയറാന്‍ പാടുപെടുമ്പോള്‍ പട്ടിണി വര്‍ധിച്ചു. വിപുലീകരിച്ച ഭക്ഷ്യ സഹായവും അവര്‍ക്ക് വേണ്ടത്ര ഉപയോഗപ്രദമായില്ലെന്നാണ് ഫുഡ് ബാങ്കുകളില്‍ നിന്നും യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുമുള്ള മുന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്,

''നമ്മുടെ തെളിയിക്കപ്പെട്ട സുരക്ഷാ വല ചുരുങ്ങുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് റിപ്പോര്‍ട്ട്,'' കൃഷി സെക്രട്ടറി ടോം വില്‍സാക്ക് പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വര്‍ധനക്ക് റിപ്പോര്‍ട്ട് തൃപ്തികരമായ വിശദീകരണം നല്‍കുന്നില്ല. യുഎസ്ഡിഎ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ 10.2 ശതമാനം കുടുംബങ്ങളായിരുന്നു ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ യുഎസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2022 ആയപ്പോള്‍ ഇത് 17 ദശലക്ഷം കുടുംബങ്ങള്‍ എന്നനിലയിലേക്ക് ഉയര്‍ന്നു.

ഏകദേശം ഏഴ് ദശലക്ഷം കുടുംബങ്ങള്‍ വളരെ രൂക്ഷമായ ഭക്ഷ്യസുരക്ഷയെ അഭിമുഖീകരിച്ചു. അതായത് അംഗങ്ങളുടെ സാധാരണ ഭക്ഷണരീതികള്‍ തടസപ്പെട്ടു അല്ലെങ്കില്‍ പരിമിതമായ വിഭവങ്ങള്‍ കാരണം ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു: റിപ്പോര്‍ട്ട് പറയുന്നു.

13 ദശലക്ഷത്തിലധികം കുട്ടികള്‍, അതായത് രാജ്യത്തെ ശിശു ജനസംഖ്യയുടെ 18.5 ശതമാനം, 2022-ല്‍ ഭക്ഷ്യസുരക്ഷയില്ലാത്ത വീടുകളിലാണ് താമസിച്ചിരുന്നത്.

കോവിഡിന് മുമ്പ്, കുട്ടികളുടെ പട്ടിണി ഇതിലും കുറവായിരുന്നതായി കുട്ടിക്കാലത്തെ പട്ടിണിയും ദാരിദ്ര്യവും അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ സംഘടനയായ 'ഷെയര്‍ അവര്‍ സ്‌ട്രെംഗ്ത് ' സീനിയര്‍ വൈസ് പ്രസിഡന്റ് ലിസ ഡേവിസ് പറഞ്ഞു. ''ആ പുരോഗതികളെല്ലാം തകര്‍ന്നിരിക്കുന്നു,'' അവര്‍ പറഞ്ഞു.

2022 ല്‍ കുതിച്ചുയരുന്നതിന് മുമ്പ് 2011 നും 2021 നും ഇടയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ ക്രമാനുഗതമായി കുറഞ്ഞിരുന്നതായി റിപ്പോര്‍ട്ട് കാണിക്കുന്നു. സെപ്റ്റംബര്‍ 20-നും ഒക്ടോബര്‍ 2-നും ഇടയില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ 27.6 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ഭക്ഷണക്കുറവ് അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു, വര്‍ഷത്തിന്റെ തുടക്കത്തില്‍ നിന്ന് 9.5% വര്‍ധന.

ഉദാഹരണത്തിന്, സ്ത്രീകള്‍, ശിശുക്കള്‍, കുട്ടികള്‍ (ഡബ്‌ളിയുഐസി) എന്നിവര്‍ക്കുള്ള പ്രോഗ്രാം അവസാനിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ 7 ദശലക്ഷം പങ്കാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് യുഎസ്ഡിഎ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. 'പോഷകാഹാര അരക്ഷിതാവസ്ഥയ്ക്കെതിരായ ഞങ്ങളുടെ ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗങ്ങളിലൊന്നാണ് ഡബ്‌ളിയുഐസി. ആവശ്യമുള്ള ആര്‍ക്കും അത് ലഭ്യമാണെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണം,' നാഷണല്‍ ഡബ്‌ളിയുഐസി അസോസിയേഷന്റെ പബ്ലിക് പോളിസി മാനേജര്‍ നെല്‍ മെനെഫീ-ലിബെ പറഞ്ഞു.