30 Sep 2023 5:17 AM GMT
Summary
- ഇന്ത്യയുടെ വാതിലുകള്‍ അടഞ്ഞുകിടക്കുകയല്ലെന്ന് വിദേശകാര്യമന്ത്രി
- എംബസിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അതാത് രാജ്യങ്ങളാണ്
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കനേഡിയന്‍ സര്‍ക്കാര്‍ പങ്കുവെക്കുന്ന ഏത് വിവരവും പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, എന്‍എസ്എ ജാക്ക് സള്ളിവന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കനേഡിയന്‍ ആരോപണങ്ങളുടെ വിഷയം ഉന്നയിച്ചുവോ എന്ന ചോദ്യത്തിന് താന്‍ ഇതിനകം ഉത്തരം നല്‍കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''വിവരമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കൂ എന്ന് ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു കാര്യം വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വാതിലുകള്‍ അടഞ്ഞിരിക്കുകയല്ല,'' ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രസ്താവന. എന്നാല്‍, ഇന്ത്യ ആരോപണങ്ങള്‍ നിരസിക്കുകയും കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു. നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അവകാശവാദത്തെ പിന്തുണയ്ക്കാന്‍ കാനഡ ഇതുവരെ ഒരു പൊതു തെളിവും നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
കാനഡയിലെ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് സംസാരിച്ച ജയശങ്കര്‍ പറഞ്ഞു, ' കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും മിഷനുകള്‍ക്കുമെതിരായ തുടര്‍ച്ചയായ അക്രമങ്ങളും ഭീഷണികളും കാരണമാണ് ഇത് ചെയ്തത്.' ''ഇപ്പോള്‍ നമ്മുടെ എംബസികള്‍ക്കും ഹൈക്കമ്മീഷണര്‍മാര്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മേല്‍ ഒരുതരം സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു അന്തരീക്ഷമുണ്ട്. അവര്‍ക്കെതിരെ അക്രമം പ്രചരിപ്പിക്കുന്നു. ഇത്തരമൊരു അന്തരീക്ഷത്തില്‍ അവര്‍ക്ക് എങ്ങനെയാണ് വിസയുടെ ജോലി നിര്‍വഹിക്കാന്‍ കഴിയുക?... ഇത് ക്രമസമാധാന പ്രശ്നമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം, ഓരോ രാജ്യത്തിന്റെയും എംബസിക്കും എംബസിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സുരക്ഷ ഒരുക്കേണ്ടത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്തമാണ്. ഈ പരിതസ്ഥിതി ഇന്ത്യയിലല്ല. ഇവിടെ നടപടി എടുക്കേണ്ടത് കാനഡയാണ്, ' ജയശങ്കര്‍ പറഞ്ഞു.
കാനഡയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമത്തിന്റെ അന്തരീക്ഷവും ഭീഷണിയുടെ അന്തരീക്ഷവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.