30 April 2024 7:09 AM GMT
Summary
- സര്‍വകലാശാലകള്‍ പാലസ്തീന്‍ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതായി സംഘടന
- നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, പലരെയും സസ്‌പെന്‍ഡ് ചെയ്തു
- വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്യുന്നു
യുഎസിലെ സര്‍വകലാശാലകളില്‍ പാലസ്തീന്‍ അനുകൂലസംഘടനയുടെ പ്രതിഷേധം പടരുന്നു.പാലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ പല യൂണിവേഴ്‌സിറ്റികളും സസ്‌പെന്‍ഡ് ചെയ്യുകയാണ്. കോളജ് പരിസരത്തെ 'ഗാസ സോളിഡാരിറ്റി ക്യാമ്പ്‌മെന്റ്' വിടാന്‍ പാലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് നടപടി.
കൊളംബിയ യൂണിവേഴ്‌സിറ്റി പ്രതിഷേധക്കാരെ സസ്‌പെന്‍ഡുചെയ്തിട്ടുണ്ട്. പല സര്‍വകലാശാലകളിലും ജൂത വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നതിനെ പാലസ്തീന്‍ അനുകൂല സംഘടന തടഞ്ഞിരുന്നു. ഇത് വിഷയം കൂടുതല്‍ വഷളാക്കി. സ്ഥാപനവും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതാണ് സസ്പെന്‍ഷനിലേക്ക് നയിച്ചത്.
വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായി യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാന ചര്‍ച്ചക്കാരനായ മഹമൂദ് ഖലീല്‍ അധികൃതര്‍ 'പാലസ്തീന്‍ വിരുദ്ധത' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ച് സര്‍വകലാശാല പരിസരത്ത് നിന്ന് പോകണമെന്ന് വ്യക്തമാക്കി സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ശേഷിക്കുന്ന സെമസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ അയോഗ്യരാക്കുമെന്നും ഭരണകൂടം പറഞ്ഞു.
എന്നിരുന്നാലും, യൂണിവേഴ്‌സിറ്റി മൈതാനത്തെ തങ്ങളുടെ ക്യാമ്പുകള്‍ പൊളിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുകയും പ്രതിഷേധം തുടരാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.
സമാനമായ പ്രതിഷേധ തരംഗങ്ങള്‍ അമേരിക്കയിലുടനീളം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അവിടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും രാജ്യത്തുടനീളമുള്ള നിരവധി സര്‍വകലാശാലകളുടെ കാമ്പസുകളില്‍ ക്യാമ്പ് ചെയ്യുകയും ചെയ്യുന്നു.
ക്യാമ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ കോര്‍ണല്‍ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ പോലീസും വിദ്യാര്‍ത്ഥി പ്രതിഷേധക്കാരും ഏറ്റുമുട്ടുകയും 40 ഓളം പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. സമരക്കാര്‍ക്ക് നേരെ പോലീസ് സിപ് ടൈ, കുരുമുളക് സ്പ്രേ, സ്റ്റണ്‍ ഗ്രനേഡ് എന്നിവ പ്രയോഗിച്ചത് കാമ്പസിനുള്ളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
യുഎസില്‍ ഉടനീളം 900-ലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, ടെമ്പെയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ബ്ലൂമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് 200-ലധികം പ്രതിഷേധക്കാരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.