image

14 Jun 2024 1:14 PM GMT

Europe and US

ഉക്രെയ്‌നുമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ

MyFin Desk

ഉക്രെയ്‌നുമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ
X

Summary

  • സെലന്‍സ്‌കിയുമായി നടന്നത് ഫലപ്രദമായ കൂടിക്കാഴ്ചയെന്ന് ഇന്ത്യ
  • സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കണം


'മനുഷ്യ കേന്ദ്രീകൃത' സമീപനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും സമാധാനത്തിലേക്കുള്ള വഴി 'സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും' ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇറ്റലിയിലെ അപുലിയ മേഖലയില്‍ ജി-7 ഉച്ചകോടിക്കിടെയാണ് മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉക്രെയ്ന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.

സെലെന്‍സ്‌കിയുമായി വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യ ഉത്സുകരാണെന്നും മോദി എക്‌സില്‍ പറഞ്ഞു. മനുഷ്യ കേന്ദ്രീകൃത സമീപനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയുമാണ് സമാധാനത്തിലേക്കുള്ള വഴിയെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും ഉക്രെയ്നിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു. ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യ തുടര്‍ന്നും ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും ചര്‍ച്ചയില്‍ മോദിയുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.സംഘര്‍ഷത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് സെലന്‍സ്‌കി മോദിയെ ധരിപ്പിച്ചതായാണ് വിവരം.

കഴിഞ്ഞ വര്‍ഷം മേയില്‍ ഹിരോഷിമയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെയും മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.