26 March 2024 6:33 AM GMT
Summary
- നേരത്തെ ചൈനീസ് സൈബര്‍ ആക്രമണത്തിനെതിരെ യുകെയും യുഎസും പ്രതിഷേധിച്ചിരുന്നു
- ന്യൂസിലാന്‍ഡില്‍ ഹാക്കിംഗ് നടത്തിയത് എപിടി -40എന്ന ഗ്രൂപ്പ്
- യുഎസിലും യുകെയിലും സൈബര്‍ ആക്രമണം ദശലക്ഷക്കണക്കിനുപേരെ ബാധിച്ചതായി റിപ്പോര്‍ട്ട്
ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് ചൈന ഹാക്ക് ചെയ്തതില്‍ പ്രതിഷേധവുമായി ചൈന. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് കണ്ടെത്തിയത്. 2021-ലാണ് സൈബര്‍ ഹാക്കിംഗ് നടന്നതായി കണ്ടെത്തിയത്.
ന്യൂസിലന്‍ഡിലെ പാര്‍ലമെന്റേറിയന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബര്‍ പ്രവര്‍ത്തനങ്ങളിലൂടെ ബെയ്ജിംഗ് വിവരങ്ങള്‍ ആക്‌സസ് ചെയ്യപ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനും യുഎസിനുമെതിരെ ചൈന വ്യാപകമായ സൈബര്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ന്യൂസിലാന്‍ഡിന്റെ പ്രതിഷേധം.
''ഇത്തരത്തിലുള്ള വിദേശ ഇടപെടല്‍ അംഗീകരിക്കാനാവില്ല, ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്,'' ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂസിലന്‍ഡിലെയും യുകെയിലെയും ജനാധിപത്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗ്രൂപ്പുകളുടെ സൈബര്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൈനീസ് അംബാസഡറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ന്യൂസിലാന്‍ഡിന്റെ വാദങ്ങള്‍ ചൈന തള്ളി. 'അത്തരം അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങള്‍' തങ്ങള്‍ നിരസിക്കുന്നുവെന്നും ന്യൂസിലാന്‍ഡ് അധികാരികളോട് തങ്ങളുടെ അതൃപ്തിയും എതിര്‍പ്പും പ്രകടിപ്പിക്കുന്നതായും ന്യൂസിലാന്റിലെ ചൈനീസ് എംബസിയുടെ വക്താവ് ഒരു ഇമെയിലില്‍ പറഞ്ഞു.
'ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഞങ്ങള്‍ ഒരിക്കലും ഇടപെടില്ല, ഭാവിയില്‍ ഇടപെടുകയുമില്ല-ഇ മെയിലില്‍ വക്താവ് പറഞ്ഞു.
സൈബര്‍ സുരക്ഷാ കമ്മ്യൂണിറ്റിയില്‍ അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെറ്റ് 31 (എപിടി 31) എന്നറിയപ്പെടുന്ന ഒരു ഹാക്കിംഗ് ഗ്രൂപ്പാണ് യുകെ,യുഎസ് എന്നിവിടങ്ങളിലെയും ആക്രണണങ്ങള്‍ക്ക് പിന്നില്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. ന്യൂസിലാന്‍ഡില്‍ എപിടി -40എന്ന ഗ്രൂപ്പായിരുന്നു ആക്രമണം നടത്തിയത്.ഈ ഗ്രൂപ്പുകള്‍ക്ക് ചൈന നേരിട്ട് പിന്തുണ നല്‍കുന്നതായും കണ്ടെത്തി.
ന്യൂസിലാന്‍ഡില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളിലേക്ക് ചൈന ആക്‌സസ് നേടിയിട്ടുണ്ടെങ്കിലും സെന്‍സിറ്റീവ് അല്ലെങ്കില്‍ തന്ത്രപരമായ സ്വഭാവമുള്ള ഒന്നും നീക്കം ചെയ്തിട്ടില്ലെന്നും ന്യൂസിലാന്‍ഡ് അറിയിച്ചു. പകരം സാങ്കേതിക സ്വഭാവമുള്ള വിവരങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇത് കൂടുതല്‍ നുഴഞ്ഞുകയറ്റങ്ങള്‍ അനുവദിക്കുന്നതാണ്.
അതേസമയം യുഎസിലും യുകെയിലും ചൈനയുടെ സൈബര്‍ ആക്രമണം നിയമനിര്‍മ്മാതാക്കളും അക്കാദമിക് വിദഗ്ധരും പത്രപ്രവര്‍ത്തകരും ഉള്‍പ്പടെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചതായി ആരോപിക്കപ്പെട്ടു.