image

19 Oct 2023 8:24 AM GMT

Europe and US

ഗാസയ്ക്കു ശരണം റാഫാ ക്രോസിംഗ് മാത്രം

MyFin Desk

Egypt to send aid to war torn Gaza from tomorrow says US President Biden but rejects proposal to relocate Gazans
X

Summary

  • ബൈഡന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇസ്രയേല്‍
  • സഹായം ഹമാസിന്റെ കൈകളിലെത്തുന്നത് തടയും
  • ബന്ദികളെ സന്ദര്‍ശിക്കാന്‍ റെഡ്‌ക്രോസിനെ അനുവദിക്കണം


ബന്ദികളാക്കിയവരെ തിരികെ ലഭിക്കാത്തിടത്തോളം കാലം തങ്ങളുടെ പ്രദേശത്ത് നിന്ന് ഗാസ മുനമ്പിലേക്ക് ഒരു മാനുഷിക സഹായവും അനുവദിക്കില്ലെന്ന് ഇസ്രയേല്‍. എന്നാല്‍ ഈജിപ്തില്‍ നിന്നുള്ള സഹായങ്ങള്‍ തടയില്ലെന്നും ടെല്‍അവീവ് വ്യക്തമാക്കി.

ഗാസയില്‍ പ്രവേശിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് അന്താരാഷ്ട്ര സമ്മര്‍ദ്ദം ഇസ്രയേലിനുമേല്‍ വര്‍ധിക്കുന്നതിനിടെയാണ് അധികൃതരുടെ വിശദീകരണം പുറത്തുവന്നത്.

കഴിഞ്ഞ ദിവസം രാജ്യം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ അഭ്യർത്ഥന പ്രകാരമാണ് ഈജിപ്റ്റ് വഴിയുള്ള മാനുഷിക സഹായങ്ങല്‍ തടയുകയില്ലെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 'പ്രസിഡന്റ് ബൈഡന്റെ അഭ്യര്‍ത്ഥനയുടെ വെളിച്ചത്തില്‍, തെക്കന്‍ ഗാസ മുനമ്പിലുള്ള സാധാരണജനങ്ങള്‍ക്ക് ഈജ്പ്റ്റില്‍ നിന്നുള്ള ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ മാനുഷിക സഹായങ്ങള്‍ തടയില്ല', ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ സഹായം ഹമാസിന്റെ കൈകളില്‍ എത്തരുതെന്ന് ഓഫീസ് ഓര്‍മ്മിപ്പിക്കുന്നു.''ഹമാസില്‍ എത്തുന്ന എല്ലാ സാധനങ്ങളും തടയും,'' ഓഫീസ് വ്യക്തമാക്കി.

ഇസ്രയേല്‍ ഒഴികെ ഗാസ മുനമ്പുമായി അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യമായ ഈജിപ്റ്റ്. റാഫാ ക്രോസിംഗിലൂടെയാണ് ഈജിപ്റ്റില്‍നിന്ന് സഹായങ്ങള്‍ ഗാസയിലേക്ക് എത്തിക്കുന്നത്. റാഫാ ക്രോസിംഗില്‍ ലോകത്തെമ്പാടുനിന്നും സഹായങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ട്രക്കുകള്‍ക്ക് കടത്തി വിടുവാന്‍ ഈജിപ്റ്റ് തയാറല്ല. ഇസ്രയേല്‍ സമ്മതിച്ചാല്‍ മാത്രമേ അതിർത്തി തുറക്കുകയുള്ളുവെന്നാണ് ഈജിപ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്. റാഫാ ക്രോസിംഗ് തുറക്കുവാനും മാനുഷിക സഹായം എത്തിക്കുവാനും ഗാസയിലുള്ള വിദേശ പൌരന്മാരെ ഈജിപ്തിലേക്ക് പോകുവാനും അനുവദിക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം യുഎസ് പ്രസിഡന്‍റിനോട് സമ്മതിച്ചിരുന്നു.

ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേല്‍ പ്രദേശത്ത് വിനാശകരമായ ആക്രമണം ആരംഭിച്ചതിന് ശേഷം, ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുകയും ഭക്ഷണവും ഇന്ധനവും നല്‍കുന്നത് നിര്‍ത്തുകയും ചെയ്യുകയും ചെയ്തു.

അതിനിടെ ഇസ്രയേലില്‍നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയവരെ സന്ദര്‍ശിക്കാന്‍ റെഡ്‌ക്രോസിനെ അനുവദിക്കണം എന്ന് ടെല്‍ അവീവ് ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര പിന്തുണ നേടാന്‍ നെതന്യാഹു സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. അതിനിടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായിയും യുഎസ് പ്രസിഡന്‍റ് ബൈഡനും ഗാസയ്ക്കുള്ള സഹായത്തെപ്പറ്റി ഫോണില്‍ സംസാരിച്ചതായി ഈജിപ്ത് അറിയിച്ചു.

ഗാസയിലെ ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും ട്രക്കുകളില്‍ റാഫാ അതിര്‍ത്തിവഴി എത്തിക്കാനാണ് ശ്രമം. ഇതുവഴിയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കുശേഷം വരും ദിവസങ്ങളില്‍ അവശ്യവസ്തുക്കള്‍ ഈ റൂട്ടിലൂടെ എത്തുമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നൂറു കണക്കിനു ട്രക്കുകളാണ് റാഫാ ക്രോസിംഗില്‍ ഗാസായിലേക്കു പോകുവാന്‍ കാത്തുകിടക്കുന്നത്.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീന്‍ ജനതയ്ക്ക് 100 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായവും ബൈഡന്‍ പ്രഖ്യാപിച്ചു. ഈ തുക പലസ്തീനികള്‍ക്കുള്ളതാണെന്നും ഹമാസിന്‍റേയും തീവ്രവാദികളുടേയും കൈകളില്‍ എത്താന്‍ അനുവദിക്കുകയില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

മാത്രവുമല്ല, ഗാസ ആശുപത്രി ബോംബിംഗില്‍ തകർന്നതു സംബന്ധിച്ച ഇസ്രയേലിന്‍റെ വിശദീകരണത്തെ പൂർണമായും അംഗീകരിക്കുന്നതായി ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഗാസയില്‍നിന്നുള്ള തീവ്രവാദികളുടെ തന്നെ മിസൈലാണ് ആശുപത്രിയിലെ സ്ഫോടനത്തിനു കാരണമെന്നാണ് ഇസ്രയേലിന്‍റെ വാദം.