13 March 2024 6:45 AM GMT
Summary
- കാനഡക്ക് കനത്ത തിരിച്ചടി
- ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന് കനേഡിയന്‍ പക്ഷത്തുനിന്നും പിന്തുണ
- നടപടിയില്ലാതെ നിജ്ജാര്‍ കൊലക്കേസ്
ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അവകാശവാദങ്ങളെ ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ചോദ്യം ചെയ്തു. ന്യൂസിലാന്‍ഡിന്റെ ഈ പ്രതികരണം കാനഡയ്ക്ക് കനത്ത തിരിച്ചടിയായി.
നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരും തമ്മില്‍ ബന്ധമുണ്ടെന്ന് ട്രൂഡോ മുമ്പ് ആരോപിച്ചിരുന്നു. ഇത് ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു.
നിജ്ജാറിനെ കൊലപ്പെടുത്തിയതുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് തെളിവില്ലെന്ന് വിദേശകാര്യ മന്ത്രി കൂടിയായ പീറ്റേഴ്സ് പറഞ്ഞു. മാര്‍ച്ച് 10 മുതല്‍ 13 വരെ സന്ദര്‍ശനത്തിനായി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് നിലവില്‍ ഇന്ത്യയിലാണ്.
യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ഫൈവ് ഐസ് ഗ്രൂപ്പിന്റെ ഭാഗമാണ് ന്യൂസിലന്‍ഡ്. ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങളെ ഫൈവ് ഐസ് പങ്കാളി ചോദ്യം ചെയ്യുന്ന ആദ്യ സംഭവമാണിത്.
ട്രൂഡോയുടെ ആരോപണത്തിന് ശേഷം, കാനഡ തങ്ങളുമായി വിവരങ്ങള്‍ പങ്കിട്ടുവെന്നും മരണത്തില്‍ ഇന്ത്യയുടെ പങ്ക് ആശങ്കാജനകമാണെന്നും ഫൈവ് ഐസ് രാജ്യങ്ങള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് ഭീകരന്‍ നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി), ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പ്രതികളാക്കാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായിട്ടുമില്ല.പക്ഷേ നിജ്ജാറിന്റെ മരണം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് കാരണമായി. ഇന്ത്യ തങ്ങളുടെ മണ്ണില്‍ വെച്ച് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് കാനഡ ആരോപിച്ചിരുന്നു.
ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 2020-ല്‍ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഖാലിസ്ഥാനി വിഘടനവാദിയുടെ കൊലപാതകത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ല.