23 Sep 2024 10:35 AM GMT
Summary
- അടുത്ത എര്‍ത്ത്-മാഴ്‌സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ ആളില്ലാ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കും
- വിജയകരമായാല്‍ അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുള്ള സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കും
- 20 വര്‍ഷം കൊണ്ട് ചൊവ്വയില്‍ സുസ്ഥിരമായൊരു നഗരമാണ് മസ്‌ക് ലക്ഷ്യമിടുന്നത്
രണ്ട് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് ആദ്യ സ്റ്റാര്‍ഷിപ്പ് അയക്കുമെന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. എക്സിലെ പോസ്റ്റിലൂടെയായിരുന്നു മസ്‌ക്കിന്റെ വെളിപ്പെടുത്തല്‍.
അടുത്ത എര്‍ത്ത്-മാഴ്‌സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ ആളില്ലാ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് ഏറ്റവും കുറഞ്ഞ അളവില്‍ ഇന്ധനം ഉപയോഗിച്ച് പേടകത്തെ എത്തിക്കാന്‍ അനുയോജ്യമായ സമയമാണ് എര്‍ത്ത്-മാഴ്‌സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ. ഓരോ 26 മാസം കൂടുമ്പോഴാണ് ഈ സമയം.
ചൊവ്വയില്‍ ഇറങ്ങാനുള്ള സ്റ്റാര്‍ഷിപ്പിന്റെ കഴിവ് പരിശോധിക്കുന്നതിനാണ് ഈ ദൗത്യമെന്നും, ഇത് വിജയകരമായാല്‍ അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുള്ള സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.
ഭൂമിയില്‍ നിന്നും ചൊവ്വയിലേക്കുള്ള യാത്രകളുടെ എണ്ണം വര്‍ധിപ്പിക്കാനും 20 വര്‍ഷം കൊണ്ട് ചൊവ്വയില്‍ സുസ്ഥിരമായൊരു നഗരം സ്ഥാപിക്കാനുമാണ് മസ്‌ക് ലക്ഷ്യമിടുന്നത്.
കൂടാതെ ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യത്തെ അണ്‍ക്രൂഡ് സ്റ്റാര്‍ഷിപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നും മസ്‌ക് പറഞ്ഞു. മൃഗങ്ങളെ സ്‌പേസിലേക്ക് അയക്കുന്ന മിഷനെയാണ് അണ്‍ക്രൂഡ് സ്റ്റാര്‍ഷിപ്പ് എന്ന് പറയുന്നത്. അതേ സമയം ഏഴ് വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ചൊവ്വയില്‍ ഇറങ്ങുമെന്നും മസ്‌ക് എക്സില്‍ കുറിച്ചു.
ജൂണിലൊരു സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, സുരക്ഷിതമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലാന്‍ഡിംഗ് ചെയ്തിരുന്നു.
മസ്‌ക് സ്റ്റാര്‍ഷിപ്പ് പര്യവേഷണങ്ങളിലൂടെ, വരും വര്‍ഷങ്ങളില്‍ ചന്ദ്രനിലേക്ക് ആളുകളെയും ചരക്കുകളും അയക്കാനും, ചൊവ്വയിലേക്ക് പറക്കാനും കഴിവുള്ള ബഹിരാകാശ പേടകം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.