21 Nov 2024 3:34 AM GMT
Summary
- കനേഡിയന്‍ മാധ്യമറിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളി ഇന്ത്യ
- ഇത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമം മാത്രം
- പരിഹാസ്യമായ പ്രസ്താവനകള്‍ മറുപടിപോലും അര്‍ഹിക്കുന്നില്ലെന്ന് ഇന്ത്യ
സിഖ് വിഘടനവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് അവകാശപ്പെടുന്ന കനേഡിയന്‍ മാധ്യമ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. ഇത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമം മാത്രമാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. അത്തരം 'പരിഹാസ്യമായ പ്രസ്താവനകള്‍' അര്‍ഹിക്കുന്ന അവഹേളനത്തോടെ തള്ളിക്കളയണമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
'ഞങ്ങള്‍ സാധാരണയായി മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒരു കനേഡിയന്‍ സര്‍ക്കാര്‍ സ്രോതസ്സ് ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം,' മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
''ഇതുപോലുള്ള അപവാദ പ്രചാരണങ്ങള്‍ ഇതിനകം തന്നെ വഷളായ ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളെ കൂടുതല്‍ നശിപ്പിക്കുകയേ ഉള്ളൂ,'' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കനേഡിയന്‍ പത്രമായ ദ ഗ്ലോബ് ആന്‍ഡ് മെയിലിലെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയ്സ്വാള്‍.
റിപ്പോര്‍ട്ടില്‍, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഇന്‍പുട്ടുകള്‍ പത്രം ഉദ്ധരിച്ചു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഗൂഢാലോചനയുടെ ലൂപ്പില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് കനേഡിയന്‍ മണ്ണില്‍ നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയെയും മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥരെയും കൊലപാതകവുമായി ബന്ധിപ്പിച്ചതിനെത്തുടകര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം വഷളായി.
കേസുമായി ബന്ധപ്പെട്ട് ഒട്ടാവ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ത്യ ശക്തമായി തള്ളുകയും തുടര്‍ന്ന് ഹൈക്കമ്മീഷണറെ തിരികെ വിളിക്കുകയും ചെയ്തു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കാനഡയുടെ ആരോപണത്തെ തുടര്‍ന്ന് കനേഡിയന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് സ്റ്റുവര്‍ട്ട് വീലറെയും മറ്റ് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും ന്യൂഡല്‍ഹി പുറത്താക്കി.