10 Oct 2023 11:22 AM GMT
Summary
- നേതൃത്വം നല്‍കിയത് പോലീസ് യൂണിറ്റായ ലഹാവ് 433-ന്റെ സൈബര്‍ വിഭാഗം
- ഹമാസിന്റെ ധനസമാഹരണ കാമ്പെയ്ന്‍ തകര്‍ക്കപ്പെട്ടു
- ബ്രിട്ടനിലെ അക്കൗണ്ടുകളും മരവിപ്പിച്ചു
ഹമാസുമായി ബന്ധപ്പെട്ട ക്രിപ്റ്റോകറന്‍സി അക്കൗണ്ടുകള്‍ ഇസ്രയേല്‍ പോലീസ് ബ്ലോക്കുചെയ്തു. പോലീസ് യൂണിറ്റായ ലഹാവ് 433-ന്റെ സൈബര്‍ വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഫണ്ട് അഭ്യര്‍ത്ഥിക്കാന്‍ ഈ അക്കൗണ്ടുകള്‍ ഹമാസ് ഉപയോഗിച്ചിരുന്നു.
ഇസ്രായേലിന്റെ വാര്‍ത്താ വെബ്സൈറ്റ് സിടെക് പറയുന്നതനുസരിച്ച്, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബ്യൂറോ ഫോര്‍ കൗണ്ടര്‍ ടെറര്‍ ഫിനാന്‍സിംഗ് (എന്‍ബിസിടിഎഫ്), ഷിന്‍ ബെറ്റ്, മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവ ഉള്‍പ്പെടുന്ന ലഹാവ് 433 ന്റെ കൂട്ടായ ശ്രമമായിരുന്നു ഇത്. തീവ്രവാദ സംഘടനകള്‍ ഫണ്ട് ശേഖരണത്തിനായി ചൂഷണം ചെയ്‌തേക്കാവുന്ന ക്രിപ്റ്റോകറന്‍സി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ കണ്ടെത്തി പ്രവര്‍ത്തനരഹിതമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ക്രിപ്റ്റോകറന്‍സികള്‍ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഹമാസ് ധനസമാഹരണ കാമ്പയിന്‍ ആരംഭിച്ചിരുന്നു. ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ബിനാന്‍സിന്റെ സഹായത്തോടെ സൈബര്‍ യൂണിറ്റും എന്‍ബിസിടിഎഫും ഈ അക്കൗണ്ടുകള്‍ ഉടനടി തിരിച്ചറിയുകയും മരവിപ്പിക്കുകയും ചെയ്തു. കണ്ടുകെട്ടിയ ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം ലംഘനങ്ങള്‍ക്ക് ബിനാന്‍സ് മുമ്പ് യുഎസില്‍ കേസ് നേരിട്ടിരുന്നു.
യുകെയിലെ ബാര്‍ക്ലേസ് ബാങ്കിലെ ഒരു അക്കൗണ്ടുവഴി ഹമാസ് പരസ്യമായി ധനശേഖരണം നടത്തിയിരുന്നു. ലഹാവ് 433 ബ്രിട്ടീഷ് നിയമപാലകരുമായി സഹകരിച്ച് യുകെയിലെ ഈ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.തീവ്രവാദ സംഘടനകളുടെ തന്ത്രപ്രധാനമായ സാമ്പത്തിക സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതില്‍ ഇസ്രയേല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവര്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെയും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുന്നു.