25 Sep 2023 10:51 AM GMT
Summary
- പഠനങ്ങള്‍ക്കായി കുടിയേറിയ ഇന്ത്യന്‍ വിദ്യര്‍ത്ഥികളില്‍ 14ശതമാനവും കാനഡയില്‍
- ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുമോ എന്ന് ബാങ്കുകള്‍ ഉറ്റുനോക്കുന്നു
- ഏറ്റവുമധികം വിദ്യാര്‍ത്ഥിവായ്പകള്‍ നല്‍കിയത് എസ്ബിഐ
കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള വായ്പാ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ ബാങ്കുകള്‍ ജാഗ്രത പാലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 'ഇന്ത്യ-കാനഡ നയതന്ത്ര യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. അതിനാല്‍, ഞങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിവരികയാണ്. ഔദ്യോഗികമായി ഒരു നടപടിയും എടുത്തിട്ടില്ല' , പൊതുമേഖല ബാങ്കിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.
79 രാജ്യങ്ങളിലായി 1.3 ദശലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തിട്ടുള്ളതായാണ് വിദേശമന്ത്രാലയത്തിന്റെ കണക്ക്. അതില്‍ 180,000 - അല്ലെങ്കില്‍ ഏകദേശം 14 ശതമാനം വിദ്യാര്‍ത്ഥികളും കാനഡയിലാണ്.
ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യ ഈ ആരോപണം നിഷേധിക്കുകയും കാനഡക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതേസമയം കാനഡ സ്വന്തം നടപടികളിലൂടെ തിരിച്ചടിച്ചേക്കുമെന്ന് ഇപ്പോള്‍ സൂചനകളുണ്ട്.
''അത്തരം സാഹചര്യങ്ങളില്‍, ഞങ്ങള്‍ സാധാരണയായി പ്രക്രിയ മന്ദഗതിയിലാക്കുന്നു. അതിനാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വായ്പാ പ്രക്രിയ മന്ദഗതിയിലാക്കിയേക്കാം, '' ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു.
പഞ്ചാബ് ആസ്ഥാനമായ പൊതുമേഖലാ ബാങ്കുകള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാരണം പഞ്ചാബില്‍ നിന്നുള്ളവരാണ് കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും വലിയൊരു വിഭാഗം.
'ഞങ്ങളുടെ ഉന്നത മാനേജ്മെന്റിന്റെ പ്രത്യേക സര്‍ക്കുലറിനായി ഞങ്ങളും കാത്തിരിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ ഞങ്ങള്‍ സ്വന്തം നിലയില്‍ ജാഗ്രത പുലര്‍ത്തുന്നു, എന്നിരുന്നാലും പിരിമുറുക്കത്തിനിടയില്‍ കുട്ടികളെ കാനഡയിലേക്ക് അയയ്ക്കുന്നതില്‍ മാതാപിതാക്കള്‍ വളരെ ശ്രദ്ധാലുക്കളാണ്,' ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യ-കാനഡ നയന്ത്രതര്‍ക്കം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കുമോ എന്ന് എല്ലാ ബാങ്കുകളും പരിശോധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ബാങ്കുകള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, അവിടെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ന്യൂഡെല്‍ഹി യാത്രാ മുന്നറിയപ്പു വരെ നല്‍കിയിരുന്നു.
കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും യാത്രയെക്കുറിച്ച് ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായി സെപ്റ്റംബര്‍ 20 ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അടുത്തിടെ, ഇന്ത്യന്‍ നയതന്ത്രജ്ഞരും ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളും ഭീഷണികള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ കണ്ട കാനഡയിലെ പ്രദേശങ്ങളിലേക്കും സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് രാജ്യം നിര്‍ദ്ദേശിച്ചു.
അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പയ്ക്ക് കീഴിലുള്ള കുടിശ്ശിക പോര്‍ട്ട്ഫോളിയോ മുന്‍ വര്‍ഷത്തെ 82,723 കോടിയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 17 ശതമാനം വര്‍ധിച്ച് 96,847 കോടി രൂപയായി. 33 ശതമാനത്തിലധികം വിപണി വിഹിതമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ വായ്പ ദാതാവാണ്. എസ്ബിഐയുടെ വിദ്യാഭ്യാസ വായ്പാ പോര്‍ട്ട്‌ഫോളിയോ 2023 സാമ്പത്തിക വര്‍ഷത്തില്‍ 32,133 കോടി രൂപയായിരുന്നുവെന്ന് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.