27 March 2024 6:31 AM GMT
Summary
- മൂന്നു മുതല്‍ ആറാഴ്ചത്തേക്ക് കല്‍ക്കരി കയറ്റുമതി തടസപ്പെടാം എന്നാണ് വിലയിരുത്തല്‍
- ആറാഴ്ച കയറ്റുമതി തടസപ്പെട്ടാല്‍ യുഎസില്‍നിന്നുള്ള രണ്ടര ദശലക്ഷം ടണ്‍ കല്‍ക്കരി കയറ്റുമതിയെ ബാധിക്കും
- പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏകദേശം 238 ദശലക്ഷം ടണ്‍ ഇന്ധനം ഇറക്കുമതി ചെയ്തു. ഏകദേശം 12 ദശലക്ഷം ടണ്‍ ഇറക്കുമതിയാണ് ബാള്‍ട്ടിമോര്‍ വഴി മാത്രം നടത്തിയത്
യുഎസിലെ ബാള്‍ട്ടിമോര്‍ പാലത്തിന്റെ തകര്‍ച്ച ഇന്ത്യയെ ഏങ്ങനെയാണ് ബാധിക്കുക? അമേരിക്കയിലണ്ടായ അപകടം നമ്മെ ഒരു രീതിയിലും ബാധിക്കില്ലെന്നാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. കാരണം ബാള്‍ട്ടിമോര്‍ തുറമുഖം പ്രധാന കല്‍ക്കരി കയറ്റുമതി കേന്ദ്രമാണ്. നിലവിലുണ്ടായ അപകടം കല്‍ക്കരി കയറ്റുമതി ആറാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ട്. അതിനര്‍ത്ഥം രണ്ടര ദശലക്ഷം ടണ്‍ കല്‍ക്കരി കയറ്റുമതി ഈ പാലത്തിന്റെ അപകടം തടയും എന്നാണ്.
കഴിഞ്ഞ വര്‍ഷം യുഎസ് 74 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കയറ്റുമതി ചെയ്തത്. ബാള്‍ട്ടിമോര്‍ കല്‍ക്കരിയുടെ രണ്ടാമത്തെ വലിയ ടെര്‍മിനലാണ്. ഒരു പ്രധാന കല്‍ക്കരി ഹബ് തല്‍ക്കാലം പ്രവര്‍ത്തനം നിര്‍ത്തുന്നത് ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തും.
മറ്റു തുറമുഖങ്ങളിലേക്ക് കല്‍ക്കരി വഴിതിരിച്ചുവിടാം. എന്നാല്‍ മറ്റ് തുറമുഖങ്ങള്‍ വളരെ തിരക്കിലാലയതിനാല്‍ അതിന് ഒരു പരിധിയുണ്ട്.
ആഗോളതലത്തില്‍ കടല്‍ വഴിയുള്ള കല്‍ക്കരിയുടെ 2% ല്‍ താഴെയാണ് ബാള്‍ട്ടിമോര്‍വഴി അയക്കുന്നത്. അതിനാല്‍ പാലം തകര്‍ച്ച ആഗോള വിലയെ കാര്യമായി ബാധിച്ചേക്കില്ല. ബാള്‍ട്ടിമോറില്‍ നിന്ന് പുറത്തേക്ക് നീങ്ങുന്ന കല്‍ക്കരിയില്‍ വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യയിലേക്ക് വരുന്ന താപ കല്‍ക്കരി ധാരാളം ഉള്‍പ്പെടുന്നു എന്നത് ശുഭകരമായ വാര്‍ത്തയല്ല. ഇത് വിതരണ ശൃംഖലയുടെ കാഴ്ചപ്പാടില്‍ നിന്ന് ചില തടസ്സങ്ങളോ കുഴപ്പങ്ങളോ ഉണ്ടാക്കുമെന്ന് എക്സ്‌കോള്‍ എനര്‍ജി & റിസോഴ്സ് എല്‍എല്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എര്‍ണി ത്രാഷര്‍ പറഞ്ഞു.
ഇന്ത്യയുടെ വാര്‍ഷിക കല്‍ക്കരി ആവശ്യം ഒരു ബില്യണ്‍ ടണ്ണില്‍ക്കൂടുതലാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏകദേശം 238 ദശലക്ഷം ടണ്‍ ഇന്ധനം ഇറക്കുമതി ചെയ്തു. അതില്‍ 6% യുഎസില്‍ നിന്ന് എത്തിയ കല്‍ക്കരിയാണ്.
എനര്‍ജി ആസ്‌പെക്ട്സ് എന്ന അനലിറ്റിക്സ് സ്ഥാപനത്തിന്റെ ഒരു ഗവേഷണ കുറിപ്പ് പ്രകാരം ഏകദേശം 12 ദശലക്ഷം ടണ്‍ ഇറക്കുമതിയാണ് ബാള്‍ട്ടിമോര്‍ വഴി നടത്തിയത്. ഇത് ആറാഴ്ചയോളം തടസപ്പെടും എന്നാണ് നിലവിലുള്ള സ്ഥിതി. ഇപ്പോള്‍ രാജ്യത്ത് ചൂട് വര്‍ധിക്കുന്ന കാലമാണ്. അതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വര്‍ധനവ് മാത്രമെ ഉണ്ടാവുകയുള്ളു. പ്രത്യേകിച്ച് പൊതു തെരഞ്ഞെടുപ്പ് കാലവുമാണ്. അതിനാല്‍ വൈദ്യുതിയുടെ ഉപഭോഗത്തില്‍ കുറവ് ഉണ്ടാകില്ല. അതിനാല്‍ ഏതൊരു ആഗോള ആഘാതത്തേക്കാളും ബാള്‍ട്ടിമോറിലെ അപകടം ഇന്ത്യയെ ബാധിക്കും.
എന്നാല്‍ മൂന്നാഴ്ച കഴിയുമ്പോള്‍ ബാള്‍ട്ടിമോറിലെ സമുദ്ര ഗതാഗതം പിനസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ കരുതുന്നു. കല്‍ക്കരി കയറ്റുമതി താല്‍ക്കാലികമായി നോര്‍ഫോക്ക്, വിര്‍ജീനിയ ഉള്‍പ്പെടെയുള്ള മറ്റ് തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടേക്കാം.
വിതരണതടസം എത്രയുംവേഗം പരിഹരിക്കപ്പെട്ടാല്‍ അത് ഇന്ത്യക്ക് ഗുണകരമാകും. വിതരണ തടസ്സം യൂറോപ്യന്‍ വിപണികളേക്കാള്‍ ഏഷ്യന്‍ കല്‍ക്കരി വിപണിയെയാണ് ബാധിക്കുക. കാരണം തുറമുഖത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന കല്‍ക്കരിയില്‍ ഉയര്‍ന്ന സള്‍ഫറിന്റെ അംശം ഉള്ളതിനാല്‍ അത് യൂറോപ്യന്‍ പവര്‍ സ്റ്റേഷനുകള്‍ക്ക് അനുയോജ്യമല്ല.