21 March 2024 6:10 AM GMT
Summary
- ഇന്ത്യന്‍ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല
- വധശ്രമം നേരിട്ട സിഖ് നേതാവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു
- കുറ്റവാളികളെ പ്രോസിക്യൂട്ടുചെയ്യണമെന്ന് യുഎസ്
ന്യൂയോര്‍ക്കില്‍ ഒരു സിഖ് വിഘടനവാദി നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന യുഎസ് ആരോപണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ അന്വേഷണത്തില്‍, ഗവണ്‍മെന്റിന്റെ അംഗീകാരമില്ലാത്ത ചിലര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായി കണ്ടെത്തി. ആരോപിക്കപ്പെടുന്ന വധശ്രമത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ഒരാളെങ്കിലും ഇന്ത്യയുടെ പ്രധാന ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട വ്യക്തി ഇപ്പോഴും സര്‍ക്കാര്‍ ജോലിയിലാണ്, ഇന്ത്യ അദ്ദേഹത്തിനെതിരെ ഒരു ക്രിമിനല്‍ നടപടിയും ആരംഭിച്ചിട്ടില്ലെന്നും സുചനയുണ്ട്.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളെ കുറിച്ച് ന്യൂഡല്‍ഹി യുഎസ് അധികൃതരെ അറിയിച്ചു. ഇതില്‍ ഉള്‍പ്പെട്ട വ്യക്തികളെ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യുഎസ് ആവശ്യപ്പെടുന്നു.ജനുവരിയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ദക്ഷിണ, മധ്യേഷ്യയിലെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡൊണാള്‍ഡ് ലു ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
ജൂണില്‍ ന്യൂയോര്‍ക്കില്‍ യുഎസ് പൗരത്വമുള്ള ഒരു സിഖ് പ്രവര്‍ത്തകനെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കിയതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ നവംബറിലാണ് ആരോപിച്ചത്.
സിഖ് വിഘടനവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവണ്‍മെന്റിന്റെ നിശിത വിമര്‍ശകനുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പിന്നീട് പറഞ്ഞത് തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നാണ്. പന്നൂനെ ഇന്ത്യ ഭീകരനായി മുദ്രകുത്തി.
ക്രിമിനല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധമുള്ള ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയാണ് ഈ ശ്രമത്തിനുപിന്നില്‍ എന്നാണ് യുഎസ് ആരോപിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലായ ഗുപ്ത യുഎസിലേക്ക് കൈമാറുന്നതിനായി കാത്തിരിക്കുകയാണ്.
അന്വേഷണത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവാദിത്തം യുഎസ് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് അതിന്റെ ആശങ്കകള്‍ മുതിര്‍ന്ന തലങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി നേരിട്ട് ഉന്നയിക്കുന്നത് തുടരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രതികരിച്ചിട്ടില്ല. യുഎസ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ വിശദാംശങ്ങളും ഇന്ത്യ പരസ്യമാക്കിയിട്ടില്ല.