3 Nov 2023 8:41 AM GMT
Summary
- മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു
- ഇരുരാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കും
സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ഇറ്റലിയും മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറ്റാലിയന്‍ മന്ത്രി അന്റോണിയോ തജാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് കരാറില്‍ ഒപ്പിട്ടത്. ഇതോടെ തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാകും.
പോര്‍ച്ചുഗലിലേക്കും ഇറ്റലിയിലേക്കുമുള്ള തന്റെ നാലു ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലാണ് ജയശങ്കര്‍ ഇവിടെ റോമിലെത്തിയത്. 'തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. കാര്‍ഷിക-സാങ്കേതികവിദ്യ, നവീകരണം, ബഹിരാകാശം, പ്രതിരോധം, ഡിജിറ്റല്‍ ഡൊമെയ്ന്‍ എന്നിവയിലെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും ഇരു രാജ്യങ്ങളും സമ്മതിച്ചു', അദ്ദേഹം എക്സില്‍ എഴുതി.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചും യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ചും ഇന്തോ-പസഫിക് വിഷയത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായി സംസാരിച്ചു.
''ഞങ്ങളുടെ സംഭാഷണത്തിനൊടുവില്‍ മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പാര്‍ട്ണര്‍ഷിപ്പ് കരാറിലും കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലും ഒപ്പുവച്ചു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറ്റലിയിലെ ഇന്ത്യന്‍ സമൂഹം 180,000 ആണെന്ന് കണക്കാക്കപ്പെടുന്നു, യുകെ, നെതര്‍ലാന്‍ഡ്സ് എന്നിവ കഴിഞ്ഞാല്‍ യൂറോപ്പിലെ ഇന്ത്യക്കാരുടെ മൂന്നാമത്തെ വലിയ സമൂഹമാണ് ഇവിടെയുള്ളത്.
ഒന്നാം തലമുറ കുടിയേറ്റക്കാര്‍ എന്ന നിലയില്‍, അവരില്‍ ഭൂരിഭാഗവും കൃഷി, ഡയറി ഫാമിംഗ്, തുകല്‍ വ്യവസായം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സേവന വ്യവസായം തുടങ്ങിയ സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.