image

13 Oct 2023 6:16 AM GMT

Europe and US

ഇസ്രയേലില്‍നിന്ന് ഇന്ത്യാക്കാരുമായി ആദ്യവിമാനം ഡെല്‍ഹിയിലെത്തി

MyFin Desk

first flight from israel with indians arrived in delhi
X

Summary

  • ഓപ്പറേഷന്‍ അജയ് പ്രകാരമുള്ള ആദ്യവിമാനമാണ് എത്തിയത്
  • ഇസ്രയേലില്‍നിന്ന് മടങ്ങാന്‍ താല്‍പ്പര്യമുള്ളവരെ നാട്ടിലെത്തിക്കും
  • 18000 ഇന്ത്യാക്കാരാണ് ഇസ്രയേലിലുള്ളത്


ഇസ്രയേലില്‍ കുടുങ്ങിയ 212 ഓളം ഇന്ത്യന്‍ പൗരന്മാരുമായി ഓപ്പറേഷന്‍ അജയ് പ്രകാരമുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം വെള്ളിയാഴ്ച രാവിലെ ഡെല്‍ഹിയിലെത്തി. യുദ്ധഭൂമിയില്‍നിന്നുള്ള യാത്രക്കാരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സര്‍ക്കാര്‍ ഒരിക്കലും ഒരു ഇന്ത്യക്കാരനെയും ഉപേക്ഷിക്കില്ല. അവരെ സംരക്ഷിക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേന്ദ്രം തീരുമാനിച്ചതായും മന്ത്രി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ഈ സൗകര്യം സാധ്യമാക്കിയതിന് വിദേശകാര്യമന്ത്രാലയത്തോടും ഉദ്യോഗസ്ഥരോടും രാജീവ് ചന്ദ്രശേഖര്‍ നന്ദി പറഞ്ഞു.

ഇസ്രയേലില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിനായുള്ള പദ്ധതി നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍പ്രകാരം വ്യാഴാഴ്ച വൈകുന്നേരം ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യവിമാനം ഡെല്‍ഹിക്ക് പുറപ്പെട്ടു.

'ഓപ്പറേഷന്‍ അജയ് ആരംഭിക്കുന്നു. വിമാനത്തില്‍ 212 പൗരന്മാര്‍ ന്യൂഡെല്‍ഹിയിലേക്ക് പോകുകയാണ്,' വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

വാരാന്ത്യത്തില്‍ ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ പട്ടണങ്ങളില്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളാണ് മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. അതിനാല്‍ ഇസ്രയേലിലെ 18,000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇസ്രയേലില്‍നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

'പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്,' ജയശങ്കര്‍ പറഞ്ഞു.

ഒക്ടോബര്‍ 7 ന് അതിര്‍ത്തി വേലി ഭേദിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് ഹമാസ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് ഇസ്രയേല്‍ എല്ലാ മേഖലകളിലൂടെയും തിരിച്ചടിക്കുകയായിരുന്നു.

1973-ലെ ഈജിപ്തും സിറിയയുമായി ആഴ്ചകളോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഇസ്രയേല്‍ ഇത്രയും രൂക്ഷമായ യുദ്ധത്തിനിറങ്ങുന്നത് ഇതാദ്യമാണ്. ആയിരത്തിലധികം പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു. സമാധാനശ്രമങ്ങള്‍ ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞു. ബന്ദികളെ വിട്ടുകിട്ടണമെന്നും ഇസ്രയേല്‍ ജനതയുടെ മരണത്തിന് കണക്കുപറയേണ്ടിവരുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേലിന് ഒപ്പം നിന്നതോടെ ഹമാസിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിട്ടുണ്ട്.