10 Nov 2023 7:13 AM GMT
Summary
- തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടിയ നിരവധികേസുകള്‍
- യുകെയില്‍ കൂടുതല്‍ ക്ലെയിമുകള്‍ നിര്‍മ്മാതാക്കള്‍ നേരിടേണ്ടിവരും
- രോഗികളുടെ സുരക്ഷയാണ് ഏറ്റവും വലിയ മുന്‍ഗണനയെന്ന് അസ്ട്രാസെനെക്ക
ഓക്സ്ഫോര്‍ഡും അസ്ട്രാസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിന്‍ പാര്‍ശ്വഫലങ്ങളുടെ പേരില്‍ ബ്രിട്ടനില്‍ നിയമനടപടി നേരിടുന്നു. യൂറോപ്പില്‍ വാക്സെവ്രിയ എന്നും ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്നപേരിലും വിതരണം ചെയ്യപ്പെട്ട വാക്‌സിനാണ് ഇപ്പോള്‍ കോടതി കയറിയിരിക്കുന്നത്.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുകയും വര്‍ഷങ്ങളോളം അബോധാവസ്ഥയില്‍ കഴിയുകയും ചെയ്ത സംഭവങ്ങള്‍ (വിഐടിടി ) ചുറ്റിപ്പറ്റിയാണ് കേസ്. സ്‌പെഷ്യലിസ്റ്റുകള്‍ തിരിച്ചറിഞ്ഞ പാര്‍ശ്വഫലങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ക്ലെയിമുകള്‍ നിര്‍മ്മാതാക്കള്‍ നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രോഗികളുടെ സുരക്ഷയാണ് അതിന്റെ 'ഏറ്റവും മുന്‍ഗണന' എന്ന് ആസ്ട്രസെനെക്ക ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. വാക്‌സിനേഷന്റെ ഗുണങ്ങള്‍ വളരെ അപൂര്‍വമായേക്കാവുന്ന പാര്‍ശ്വഫലങ്ങളുടെ അപകടസാധ്യതകളെക്കാള്‍ കൂടുതലാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന വാക്‌സിനേഷന്‍ കാരണം വ്യക്തികള്‍ ഗുരുതരമായി രോഗബാധിതരാകുകയോ മരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, രാജ്യം മതിയായ നഷ്ടപരിഹാരം നല്‍കണമോ, അല്ലെങ്കില്‍ അവര്‍ നഷ്ടപരിഹാരത്തിനായി പോരാടേണ്ടതുണ്ടോ, എന്ന ചോദ്യം ഇവിടെ ഉയര്‍ത്തുന്നതായി ഈ കേസ് നടത്തുന്ന നിയമ സ്ഥാപനമായ ഹൗസ്ഫെല്‍ഡിന്റെ പങ്കാളിയായ സാറാ മൂര്‍ ചോദിക്കുന്നു.
നാശനഷ്ടങ്ങള്‍ക്ക് അവകാശവാദമുന്നയിക്കുന്നവരില്‍ ഇന്ത്യന്‍ വംശജനായ അനീഷ് ടെയ്ലറും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യ 35 കാരിയായ അല്‍പ ടെയ്ലര്‍ 2021 ഏപ്രിലില്‍ വാക്സിന്‍ എടുത്ത് ഒരു മാസത്തിനുള്ളില്‍ മരിച്ചു. 2021 സെപ്റ്റംബറില്‍ നടത്തിയ അന്വേഷണത്തില്‍, വിഐടിടി മൂലം രക്തം കട്ടപിടിക്കുന്നതും തലച്ചോറിലെ രക്തസ്രാവവും മൂലമാണ് അവള്‍ മരിച്ചതെന്ന് നിര്‍ണ്ണയിച്ചതായി പറയപ്പെടുന്നു. 2021 ഏപ്രിലില്‍ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ നേരിടേണ്ടി വന്ന രണ്ടുകുട്ടികളുടെ പിതാവായ ജാമി സ്‌കോട്ട് വാക്‌സിനെതിരെ ടെസ്റ്റ് ക്ലെയിം കൊണ്ടുവന്നു. അസ്ടാസെനക്കെതിരെ കേസ് നല്‍കിയ ഗ്രൂപ്പിന്റെ ഭാഗമാണ് അദ്ദേഹം. ഈ ഗ്രൂപ്പ് കേസിനായി പതിനായിരം പൗണ്ടിനുമുകളില്‍ സമാഹരിച്ചിട്ടുണ്ട്.
എന്നാല്‍ 'നടന്നുകൊണ്ടിരിക്കുന്ന വ്യവഹാര കാര്യങ്ങളില്‍ ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല' എന്ന് അസ്ട്രസെനക്ക പ്രസ്താവനയില്‍ പറഞ്ഞു. 'രോഗികളുടെ സുരക്ഷയാണ് കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന, വാക്‌സിനുകള്‍ ഉള്‍പ്പെടെ എല്ലാ മരുന്നുകളുടെയും സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിന് റെഗുലേറ്ററി അധികാരികള്‍ക്ക് വ്യക്തവും കര്‍ശനവുമായ മാനദണ്ഡങ്ങളുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയോ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തവരോട് ഞങ്ങളുടെ സഹതാപം പ്രകടിപ്പിക്കുന്നു' പ്രസ്താവന തുടര്‍ന്നു.
ക്ലിനിക്കല്‍ ട്രയലുകളിലെയും യഥാര്‍ത്ഥ ലോക ഡാറ്റയിലെയും തെളിവുകളില്‍ നിന്ന്, വാക്സെവ്രിയയ്ക്ക് സ്വീകാര്യമായ ഒരു സുരക്ഷാ പ്രൊഫൈല്‍ ഉണ്ടെന്ന് തുടര്‍ച്ചയായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാര്‍ സ്ഥിരമായി പ്രസ്താവിക്കുന്നത് വാക്‌സിനേഷന്റെ ഗുണങ്ങള്‍ വളരെ അപൂര്‍വമായേക്കാവുന്ന പാര്‍ശ്വഫലങ്ങളുടെ അപകടസാധ്യതകളേക്കാള്‍ കൂടുതലാണ് എന്നാണ്.
180 ലധികം രാജ്യങ്ങളിലേക്ക് 300 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും 6 ദശലക്ഷം ജീവന്‍ രക്ഷിക്കാന്‍ അതിനുകഴിഞ്ഞുവെന്നും ഒരു സ്വതന്ത്ര പഠനം കണ്ടെത്തിയിരുന്നതായും സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യുകെ ആസ്ഥാനമായുള്ള ഇന്ത്യന്‍ വംശജനായ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്, കോവിഡ് വാക്സിനുകളുടെ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്കായി പ്രചാരണം നടത്തുന്ന ഇന്ത്യന്‍ സര്‍ക്കാരിനോട് സ്വന്തമായി അന്വേഷണം നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.