7 April 2025 11:47 AM
Summary
- സുരക്ഷാ പരിശോധന അതിശക്തമെന്ന് കാനഡ
- യാത്രക്കാരുടെ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിക്കും
യുഎസിലേക്ക് പോകുന്ന കാനഡകാര്‍ക്ക് യാത്രാ മുന്നറിയിപ്പ്. സുരക്ഷാ പരിശോധനയുടെ ഭാഗമായി അതിര്‍ത്തിയില്‍ യാത്രക്കാരുടെ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ അതിര്‍ത്തിയില്‍ സൂക്ഷ്മപരിശോധന പ്രതീക്ഷിക്കണമെന്നും ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പരിശോധനകള്‍ക്ക് തയ്യാറായിരിക്കണം എന്നും കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ യുഎസ് അതിര്‍ത്തിയിലും കുടിയേറ്റ നയത്തിലും അടുത്തിടെ വരുത്തിയ മാറ്റങ്ങളെ തുടര്‍ന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം.
യുകെ, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനകം തന്നെ അവരുടെ പൗരന്മാര്‍ക്ക് സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയിലുള്ള പരിശോധനാ സംഘങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും നിര്‍ദേശിക്കുന്നു.
യുഎസിലേക്കുള്ള കാനഡ സ്വദേശികളുടെ വരവ് അടുത്തിടെ കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയില്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. യുഎസ് ട്രാവല്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, യുഎസിലെ അന്താരാഷ്ട്ര സന്ദര്‍ശകരുടെ ഏറ്റവും വലിയ കൂട്ടം കാനഡക്കാരാണ്. കഴിഞ്ഞ വര്‍ഷം അവര്‍ 20.5 ബില്യണ്‍ ഡോളര്‍ യു എസില്‍ ചെലവഴിച്ചു.