image

6 Oct 2023 11:03 AM GMT

Europe and US

നിരവധി നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ

MyFin Desk

India calls for Canadian diplomats withdrawal amid ongoing crisis
X

Summary

  • ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ തുല്യത വേണമെന്ന് ഇന്ത്യ
  • നിജ്ജാര്‍ കൊലപാതകാരോപണവുമായി ബന്ധപ്പെട്ടതാണ് ഇന്ത്യയുടെ ആവശ്യം
  • പ്രശ്‌നം പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതായും വാര്‍ത്തകള്‍


ഇന്ത്യയിലെ നിരവധി നയതന്ത്രജ്ഞരെ കാനഡ പിന്‍വലിച്ചു. ഈ ഉദ്യോഗസ്ഥന്മാരെ സിംഗപ്പൂരിലേക്കും കുലാലംപൂരിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഒക്ടോബര്‍ 10നുമുമ്പ് ഏകദേശം നാല്‍പ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡെല്‍ഹിക്ക് പുറത്ത് ജോലിചെയ്യുന്ന ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പിന്‍വലിച്ചത്.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 41 നയതന്ത്രജ്ഞരെ പിന്വലിക്കുമെന്നാണ് കണക്കാക്കിയിരുന്നതു . എന്നാല്‍ ഇത് പ്രതികാര നടപടിയല്ലെന്നും തുല്യതയ്ക്ക് വേണ്ടിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കാരണം കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെക്കാള്‍ വളരെ കൂടുതലാണ് അവരുടെ ന്യൂഡല്‍ഹിയിലെ സറ്റാഫുകളളുടെ എണ്ണം. എന്നാല്‍ മുന്‍പും ഈ സ്ഥിതി നിലനിന്നിരുന്നതാണ്. നിജ്ജാര്‍ കൊലപാതകം സംബന്ധിച്ച് ട്രൂഡോയുടെ ആരോപണം പുറത്തുവന്നശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിനുശേഷമാണ് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളത്.

ഒട്ടാവയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ എണ്ണത്തിന് തുല്യമായി കുറയ്ക്കുന്നതിന് ഒട്ടാവയ്ക്ക് ഒക്ടോബര്‍ 10 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് സിടിവി ന്യൂസ് പറയുന്നു.

രാജ്യത്തിന്റെ നയതന്ത്ര, കോണ്‍സുലാര്‍ ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്റായ ഗ്ലോബല്‍ അഫയേഴ്സ് കാനഡ, 'ചില നയതന്ത്രജ്ഞര്‍ക്ക് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്ന് ഭീഷണികള്‍ ലഭിച്ച സാഹചര്യത്തില്‍,' 'ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ സ്ഥിതി വിലയിരുത്തുകയാണെന്നും' മുമ്പ് പ്രസ്താവിച്ചിരുന്നു. ''തല്‍ഫലമായി, വളരെയധികം ജാഗ്രതയോടെ, ഇന്ത്യയിലെ ജീവനക്കാരുടെ സാന്നിധ്യം താല്‍ക്കാലികമായി ക്രമീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'' കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ശക്തിയില്‍ തുല്യത കൈവരിക്കാന്‍ കാനഡ രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കനേഡിയന്‍ നയതന്ത്രജ്ഞരില്‍ ചിലര്‍ ന്യൂഡെല്‍ഹിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായും ആരോപണം ഉയര്‍ന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകുന്നതിന്റെ സൂചനയാണ്.

പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ നിലപാട് പുനഃപരിശോധിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കാനഡയിലെ ഇന്ത്യയുടെ ശക്തിയെ അപേക്ഷിച്ച് ഇന്ത്യയില്‍ കനേഡിയന്‍ നയതന്ത്ര സാന്നിധ്യം വളരെ കൂടുതലായതിനാല്‍ അതില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ശക്തിയില്‍ തുല്യത ഉറപ്പാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം ഏകദേശം 60 ആണെന്നും ഒട്ടാവയുടെ ശക്തി കുറഞ്ഞത് മൂന്ന് ഡസന്‍ കുറയ്ക്കണമെന്നുമാണ് ന്യൂഡെല്‍ഹിയുടെ ആവശ്യം.

നിജ്ജാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ തെളിവുകളോ കാനഡ ഇന്ത്യയുമായി പങ്കുവച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പ്രസക്തമായ വിവരങ്ങള്‍ ന്യൂഡെല്‍ഹിയുമായി പങ്കുവെച്ചാല്‍, അത് പരിശോധിക്കാന്‍ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാഗ്ദാനം പരാമര്‍ശങ്ങളെ ബാഗ്ചി ആവര്‍ത്തിച്ചു.