9 Feb 2024 7:30 AM GMT
Summary
- തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയുടെ ഇടപെടലെന്ന് കാനഡ
- ആരോപണം ഇന്ത്യ നിഷേധിച്ചു
- ട്രൂഡോയുടെ തകര്‍ന്ന പ്രതിച്ഛായ മാറ്റുന്നതിനാണ് ഇന്ത്യക്കെതിരായ ആരോപണം എന്നും വാദം
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടുന്നതായി ഇന്ത്യ ആരോപണം ഉന്നയിച്ചു. കഴിഞ്ഞമാസം കാനഡയിലെ ഫെഡറല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി അവിടെ ഇന്ത്യയുടെ ഇടപെടല്‍ ആരോപിച്ചിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചതില്‍ ഇന്ത്യക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുന്നതായും പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ആരോപണവുമായി രംഗത്തുവന്നത്.
ഇന്ത്യ അപകടകരമായ ഇടപെടല്‍ നടത്തുന്നതായി കാനഡ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ പുറത്തുവിടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നിലവില്‍ കാനഡയിലെ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയുടെ തകര്‍ന്ന പ്രതിച്ഛായയെ മാറ്റിയെടുക്കാനുള്ള നീക്കമായി പല വിദഗ്ധരും ഇന്ത്യക്കെതിരായ നിരന്തരമായ ആരോപണങ്ങളെ കണക്കാക്കുന്നുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് വ്യക്തമാക്കിയത്.
'മാധ്യമ റിപ്പോര്‍ട്ടുകളും കനേഡിയന്‍ കമ്മീഷനും വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്നത് ഞങ്ങള്‍ കണ്ടു. കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഞങ്ങള്‍ ശക്തമായി നിരസിക്കുന്നു. മറ്റ് രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ല. വാസ്തവത്തില്‍, നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയാണ്,' വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
'ഞങ്ങള്‍ ഈ പ്രശ്‌നം അവരുമായി പതിവായി ഉന്നയിക്കുന്നു. ഞങ്ങളുടെ പ്രധാന ആശങ്കകള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ കാനഡയോട് ആവശ്യപ്പെടുന്നത് തുടരുകയാണ്',അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രൂഡോയുടെ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജഗ്മീത് സിംഗാണ് ഇപ്പോഴത്തെ നീക്കത്തിന് തുടക്കമിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രൂഡോയുടെ ഖാലിസ്ഥാന്‍ അനുകൂല രാഷ്ട്രീയത്തെ സിംഗ് സ്വാധീനിച്ചതായി ആരോപണമുണ്ട്.