image

28 Oct 2023 7:12 AM GMT

Europe and US

ബൈഡന്‍-ഷി കൂടിക്കാഴ്ച വരുന്നു; മഞ്ഞുരുകുമോ?

MyFin Desk

Indications are that the Biden-Xi meeting will be next month
X

Summary

  • ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടന്നേക്കും
  • ചൈനീസ് വിദേശകാര്യമന്ത്രി യുഎസില്‍ നേതാക്കളുമായി ചര്‍ച്ചനടത്തി
  • ആഗോള വ്യാപാര രംഗത്ത് പ്രതീക്ഷ


യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ അടുത്തമാസം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ഉഭയകക്ഷി ബന്ധം സാധാരണനിലയിലാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. അതിനു മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസിലെത്തി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ എന്നിവരുമായി ചൈനീസ് നയതന്ത്രജ്ഞന്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം പ്രസിഡന്റ് ബൈഡനെയും വാങ് യി സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും തുറന്ന ആശയവിനിമയം നിലനിര്‍ത്തേണ്ടതുണ്ടെന്നും ബൈഡന്‍ ചൈനീസ് വിദേശകാര്യമന്ത്രിയോട് പറഞ്ഞു.

നവംബര്‍ പകുതിയോടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയില്‍ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വാങിന്റെ സന്ദര്‍ശനം അടിത്തറയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോള വെല്ലുവിളികളെ നേരിടാന്‍ അമേരിക്കയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

യുഎസ്-ചൈന ഉഭയകക്ഷി ബന്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം, യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം, കടലിടുക്ക് പ്രശ്നങ്ങള്‍ എന്നിവയിലെ പ്രധാന വിഷയങ്ങളില്‍ സുള്ളിവനും വാങ്ങും ചര്‍ച്ച നടത്തി.

ദക്ഷിണ ചൈനാ കടലില്‍ ബെയ്ജിംഗ് നടത്തുന്ന അപകടകരവും നിയമവിരുദ്ധവുമായ നടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ സള്ളിവന്‍ യോഗത്തില്‍ ഉന്നയിച്ചു. തായ് വാന്‍ കടലിടുക്കിലുടനീളം സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

നവംബറില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രസിഡന്റ് ബൈഡനും പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു പക്ഷവും തീരുമാനിച്ചു. ആശയവിനിമയത്തിന്റെ ഈ തന്ത്രപ്രധാനമായ ചാനല്‍ നിലനിര്‍ത്താനും കൂടുതല്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്താനും ഇരുരാജ്യങ്ങളും തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്.

ട്രംപ് ഭരണകാലത്താണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങിയത്.

യുഎസും ചൈനയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമായ ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണ്. വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ദക്ഷിണ ചൈനാ കടല്‍, തായ് വാന്‍, കോവിഡ് 19 എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തിയത് പിരിമുറുക്കത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി. ഇത് ആഗോള സാമ്പത്തിക മേഖലയെയും ബാധിച്ചു.