26 March 2024 11:27 AM GMT
Summary
- അപകടത്തില്‍ നിരവധി വാഹനങ്ങള്‍ പുഴയില്‍ പതിച്ചു
- കപ്പലിനു തീപിടിച്ചതായും റിപ്പോര്‍ട്ട്
- നദിയില്‍ പതിച്ച ചിലരെ കണ്ടെത്താനുണ്ടെന്നും വാര്‍ത്തകള്‍
യുഎസ് നഗരമായ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം ഒരു കണ്ടെയ്നര്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് പതിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 1.30നാണ്് അപകടം നടന്നത്.
വാഹനങ്ങളില്‍നിന്ന് നദിയില്‍ പതിച്ച യാത്രക്കാര്‍ക്കായി മുങ്ങല്‍ വിദഗ്ധരുടെ സേവനം വേണ്ടിവന്നു.എന്നാല്‍ ചിലരെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
സിനര്‍ജി മറൈന്‍ ഗ്രൂപ്പ് എന്ന സിംഗപ്പൂര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 300 മീറ്റര്‍ നീളമുള്ള ഡാലി എന്ന കപ്പലാണ് പാലത്തിന്റെ തൂണില്‍ ഇടിച്ചത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് പതിച്ചു.ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. അപകടത്തെത്തുടര്‍ന്ന് തിരക്കേറിയ പാത അടച്ചു. 1.6-മൈല്‍ (2.6കിലോമീറ്റര്‍)നീളമുള്ള നാലുവരിപ്പാലം ബാള്‍ട്ടിമോറിന് തെക്കുപടിഞ്ഞാറായി പറ്റാപ്സ്‌കോ നദിക്ക് കുറുകെയാണ്്. തലസ്ഥാനമായ വാഷിംഗ്ടണിന് അടുത്തുള്ള യുഎസ് ഈസ്റ്റ് കോസ്റ്റിലെ വ്യവസായ നഗരമായ ബാള്‍ട്ടിമോറിന് ചുറ്റുമുള്ള റോഡ് ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണിത്. ഈ പാലം 1977-ലാണ് ഗതാഗതത്തിനായി തുറന്നത്. പ്രതിവര്‍ഷം 11 ദശലക്ഷത്തിലധികം വാഹനങ്ങള്‍ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നു.
കപ്പല്‍ ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നെന്ന് രേഖകള്‍ കാണിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും തിരക്കേറിയ ചരക്ക് തുറമുഖങ്ങളിലൊന്നാണ് ബാള്‍ട്ടിമോര്‍.