29 April 2024 8:20 AM GMT
Summary
- ലോകത്തിലെ ഏറ്റവും വലിയ ശേഷിയുള്ള വിമാനത്താവളമായി ഇത് മാറും
- 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷി ഉണ്ടായിരിക്കും
- എയർപോർട്ടിന് ചുറ്റുമായി ഒരു നഗരം തന്നെ നിർമ്മിക്കാനാണ് പദ്ധതി
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 128 ബില്യൺ ദിർഹമാണ് പദ്ധതിയുടെ ചെലവ്. 400-ലധികം വിമാനങ്ങൾക്ക് പാർക്കിംഗ് സൗകര്യമുള്ള അഞ്ച് ടെർമിനൽ കെട്ടിടങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു.
അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് നിലവിലെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ അഞ്ചിരട്ടി വലുതായിരിക്കും കൂടാതെ ഇരുനൂറ്റി അറുപത് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ശേഷിയുള്ള വിമാനത്താവളമായി ഇത് മാറും. 400 എയർക്രാഫ്റ്റ് ഗേറ്റുകളും, ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന അഞ്ച് സമാന്തര റൺവേകളും വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്.
പന്ത്രണ്ട് ദശലക്ഷം ടൺ വാർഷിക കാർഗോ ശേഷി കണക്കാക്കുന്ന വിമാനത്താവത്തിൽ വ്യോമയാന മേഖലയിലും പുതിയ സാങ്കേതിക വിദ്യകൾ ആദ്യമായി ഉപയോഗിക്കും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും ഇവിടേക്ക് മാറ്റും.
എയർപോർട്ടിന് ചുറ്റുമായി ഒരു നഗരം തന്നെ നിർമ്മിക്കാനാണ് പദ്ധതി. ഏകദേശം 10 ലക്ഷം പേർക്ക് വാസസ്ഥലം ഒരുക്കുന്ന ഈ നഗരം ലോജിസ്റ്റിക്സ് മേഖലയിലെ പ്രമുഖ കമ്പനികളുടെ ആസ്ഥാനമായി മാറും.
ഭാവി തലമുറകൾക്ക് വേണ്ടിയുള്ള നിക്ഷേപമാണ് ഈ പദ്ധതിയെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇതോടൊപ്പം ദുബായ് ലോകത്തിന്റെ പ്രധാന വിമാനത്താവളമായി മാറുകയും, വാണിജ്യ തുറമുഖം, വ്യാപാരം എന്നിവയുടെ ആഗോള കേന്ദ്രമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.