image

3 March 2024 1:18 PM GMT

NRI

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് ഓസ്ട്രേലിയയിൽ മികച്ച തൊഴിൽ അവസരങ്ങൾ

MyFin Desk

huge opportunities for kerala in the health sector, australian delegation discussed
X

Summary

  • കേരളത്തിലെ ആരോഗ്യ പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര തലത്തിൽ കഴിവ് തെളിയിക്കാൻ അവസരം
  • 2033 ആകുമ്പോഴേക്കും 5000 ഡോക്ടർമാരെയും നഴ്സുമാരെയും കൂടുതലായി ആവശ്യമുണ്ട്
  • പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാർ അന്വേഷിക്കുന്നത്


ഓസ്‌ട്രേലിയയിൽ നിന്നുള്ള ഉന്നതതല മന്ത്രി സംഘം വെള്ളിയാഴ്ച കേരളത്തിൽ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തുകയും ഐലൻഡ് രാഷ്ട്രത്തിൽ സംസ്ഥാനത്തെ ആരോഗ്യ, മെഡിക്കൽ, ലൈഫ് സയൻസ് മേഖലയിലെ പ്രൊഫഷണലുകൾക്ക് ലഭ്യമായ തൊഴിൽ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഓസ്‌ട്രേലിയൻ ആരോഗ്യ-മാനസികാരോഗ്യ മന്ത്രി ആംബർ-ജേഡ് സാൻഡേഴ്‌സണിൻ്റെ നേതൃത്വത്തിലുള്ള 25 അംഗ പ്രതിനിധി സംഘം ആണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണാ ജോർജ്ജ് എന്നിവരുമായി ചർച്ച നടത്തിയത്.

ആരോഗ്യ രംഗത്തെ വിവിധ വ്യവസായ പ്രതിനിധികളുമായും സംഘം ചർച്ച നടത്തി. ഇതിൽ ആരോഗ്യ, ജീവശാസ്ത്ര മേഖലകൾ, മെഡിക്കൽ ടെക്നോളജി, ഡിജിറ്റൽ ഹെൽത്ത്, മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനികൾ, ബയോടെക്, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവ ഉൾപ്പെടുന്നു.

2033 ആകുമ്പോഴേക്കും ഓസ്ട്രേലിയക്ക് 5000 ഡോക്ടർമാരെയും നഴ്സുമാരെയും കൂടുതലായി ആവശ്യമുണ്ടെന്നാണ് പ്രതീക്ഷ. നഴ്സിംഗ്, മാതൃശിശു പരിചരണം, ദന്തചികിത്സ എന്നീ മേഖലകളിൽ പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാർ പൊതു, സ്വകാര്യ മേഖലകളിലേക്ക് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് പ്രൊഫഷണലുകൾക്കും ഓസ്ട്രേലിയയിൽ മികച്ച തൊഴിൽ സാധ്യതകളുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾക്ക് ഓസ്‌ട്രേലിയയിൽ മികച്ച സാധ്യതകളുള്ളതിനാൽ റിക്രൂട്ട്‌മെൻ്റ്, ട്രെയിനിംഗ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ സുഗമമാക്കുന്നതിന് കേരളത്തിൽ പ്രത്യേക സെൽ രൂപീകരിക്കുമെന്ന് യോഗത്തിന് ശേഷം ജോർജ് പറഞ്ഞു.

ഇത് കേരളത്തിൽ നിന്നുള്ളവർക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ജോലി സാധ്യതകൾ തുറക്കുകയും അതോടൊപ്പം അവിടെയുള്ള മികച്ച സർവകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും നൽകും എന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് രൂപീകരിക്കുന്ന ഈ സെല്ലിൽ കേരള സർക്കാർ, ഓസ്ട്രേലിയൻ സർക്കാർ പ്രതിനിധികൾ, ആരോഗ്യ സെക്രട്ടറി, തൊഴിൽ സെക്രട്ടറി, എസ്.സി/എസ്.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്നിവർ ഉൾപ്പെടും. ഇവർ ആരോഗ്യ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ്, പരിശീലനം, എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ എന്നിവ സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

തിരുവനന്തപുരത്തെ ചർച്ചകൾ ആരോഗ്യ മേഖലയിലെ സഹകരണത്തിനും പരസ്പര പുരോഗതിക്കുമുള്ള സാധ്യതകൾ വ്യക്തമാക്കിയിട്ടുണ്ട് എന്ന് സാൻഡേഴ്സൺ പറഞ്ഞു.

കേരളത്തിലെ നഴ്സുമാരുടെ കഴിവും കഠിനാധ്വാനവും ലോകമെങ്ങും പ്രസിദ്ധമാണെന്നും, മികച്ച പരിശീലനം ഉള്ളതിനാൽ ഓസ്ട്രേലിയയിൽ മികച്ച തൊഴിലവസരങ്ങൾ കേരളത്തിലെ ആരോഗ്യ പ്രൊഫഷണലുകൾക്ക് ലഭ്യമാകുമെന്നും വീണാ ജോർജ്ജ് പ്രതീക്ഷ പ്രകടിപ്പിച്ചു.