image

3 April 2024 8:39 AM IST

NRI

അബുദാബി ടൂറിസം വളർച്ചയുടെ പാതയിൽ: 1,78,000 പുതിയ തൊഴിലവസരങ്ങൾ

MyFin Desk

അബുദാബി ടൂറിസം വളർച്ചയുടെ പാതയിൽ: 1,78,000 പുതിയ തൊഴിലവസരങ്ങൾ
X

Summary

  • വേഗത്തിൽ വളരുന്ന ആഗോള ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി അബുദാബിയെ സ്ഥാനപ്പെടുത്താൻ 2030 അബുദാബി ടൂറിസം സ്ട്രാറ്റജി
  • 2030 ആകുമ്പോഴേക്കും സന്ദർശകരുടെ എണ്ണം 39.3 ദശലക്ഷമായി ഉയർത്തും


2030 അബുദാബി ടൂറിസം സ്ട്രാറ്റജി പ്രകാരം അടുത്ത ആറ് വർഷത്തിനുള്ളിൽ 1,78,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിൽ നേരിട്ടുള്ള, പരോക്ഷമായ, അനുബന്ധമായ തൊഴിലവസരങ്ങളും ഉൾപ്പെടും. അബുദാബിയിലെ ടൂറിസം മേഖലയുടെ സാമ്പത്തിക രംഗത്തുള്ള സംഭാവന വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഈ ടൂറിസം സ്ട്രാറ്റജി പ്രഖ്യാപിച്ചത്. വേഗത്തിൽ വളരുന്ന ആഗോള ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി അബുദാബിയെ സ്ഥാനപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഈ നീക്കം, 2030 ആകുമ്പോഴേക്കും സന്ദർശകരുടെ എണ്ണം 39.3 ദശലക്ഷമായി ഉയർത്തുക, 1,78,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, എണ്ണേതര മേഖലയിലെ ജിഡിപിയിലേക്കുള്ള ടൂറിസം മേഖലയുടെ സംഭാവന 90 ബില്യൺ ദിർഹമായി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു.

ടൂറിസം മേഖലയിൽ 2023 ൽ, അബുദാബി 24 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചു, 2022 നെ അപേക്ഷിച്ച് 30 ശതമാനത്തിലധികം വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. 2023-ൽ ടൂറിസം വ്യവസായം അബുദാബിയുടെ സമ്പദ്ഘടനയെ ഗണ്യമായി ഉയർത്തി, ജിഡിപിയിൽ 49 ബില്യൺ ദിർഹത്തിന്റെ സംഭാവന നൽകി, 2022 നെ അപേക്ഷിച്ച് 22 ശതമാനത്തിലധികം വർദ്ധനവാണ് ഇത്.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി അബുദാബി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കാമ്പെയ്‌നുകള്‍ നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍, അബുദാബി ടൂറിസം വകുപ്പ് (DCT – Abu Dhabi) 'വൺ സമ്മർ ഈസ് ന്റ് ഇനഫ്' എന്ന പ്രചരണം അനാവരണം ചെയ്തു. തുടര്‍ന്ന് ഒക്ടോബറില്‍, അടുത്ത ആറ് മാസത്തേക്ക് തുടര്‍ച്ചയായ ഇവന്റുകള്‍ നിറഞ്ഞ 'ക്യാൻറ്റ് വെയിറ്റ് ടു വിന്റർ ' എന്ന ആഗോള പ്രചരണം പുറത്തിറക്കി.

ടൂറിസം മേഖലയിലെ വികസനവുമായി യോജിച്ച രീതിയിൽ, ആധുനിക ടെർമിനലിന്റെ ഉദ്ഘാടനത്തോടെ വിമാനത്താവളത്തിലെ യാത്രക്കാർ കൈകാര്യം ചെയ്യുന്ന ശേഷിയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.