23 Aug 2024 4:56 AM
Summary
- ലെജന്‍ഡ്സ് വിപണിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തല്‍
- വരുമാനം വര്‍ധിപ്പിക്കുന്നതിന് പദ്ധതിക്ക് കഴിഞ്ഞില്ല
- പത്ത് നഗരങ്ങളില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് പലഹാരം എത്തിക്കുന്നതായിരുന്നു പദ്ധതി
ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ അതിന്റെ ഇന്റര്‍സിറ്റി ഫുഡ് ഡെലിവറി സര്‍വീസ് 'ലെജന്‍ഡ്‌സ്' നിര്‍ത്തലാക്കിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദീപീന്ദര്‍ ഗോയല്‍. രണ്ട് വര്‍ഷത്തെ പരിശ്രമത്തിന് ശേഷം, ഉല്‍പ്പന്ന വിപണിക്ക് അനുയോജ്യമെന്ന് കണ്ടെത്താത്തതിനാല്‍, സേവനം ഉടനടി അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ ഗോയല്‍ പറഞ്ഞു.
ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് പലഹാരങ്ങള്‍ എത്തിച്ചുനല്‍കുന്നതിനായി 2022 ഓഗസ്റ്റിലാണ് സൊമാറ്റോ അതിന്റെ ഇന്റര്‍സിറ്റി ഫുഡ് ഡെലിവറി സേവനം ആരംഭിച്ചത്.
ജൂലൈയില്‍ ഓര്‍ഡറുകള്‍ കൂടുതല്‍ ലാഭകരമാക്കുന്നതിനായി കമ്പനി താല്‍ക്കാലികമായി സേവനം നിര്‍ത്തി കുറച്ച് മാറ്റങ്ങള്‍ വരുത്തി പുനരാരംഭിച്ചതിന് ശേഷം ഈ സേവനം പൂര്‍ണമായും നിര്‍ത്തലാക്കുകയായിരുന്നു.
വരുമാനം വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനുമായി സമീപത്തെ മറ്റ് വിവിധ മേഖലകളിലേക്ക് സൊമാറ്റോ വൈവിധ്യവല്‍ക്കരിക്കുന്ന സമയത്താണ് ഇന്റര്‍സിറ്റി ലെജന്‍ഡ്സ് അടച്ചുപൂട്ടിയത്. 2022-ല്‍ ആദ്യമായി അവതരിപ്പിച്ച ഇന്റര്‍സിറ്റി ലെജന്‍ഡ്സിന് തുടക്കത്തില്‍ മിനിമം ഓര്‍ഡര്‍ ത്രെഷോള്‍ഡ് ഉണ്ടായിരുന്നില്ല, എന്നാല്‍ ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിനായി 5,000 രൂപയുടെ മിനിമം ഓര്‍ഡര്‍ മൂല്യം അവതരിപ്പിച്ചു. എന്നിരുന്നാലും, ഈ പ്രോജക്റ്റ് സൊമാറ്റോയ്ക്ക് സാമ്പത്തിക അര്‍ത്ഥമുണ്ടാക്കിയില്ല.
ആവശ്യമായ ഫലങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സൊമാറ്റോ അതിന്റെ ഹൈപ്പര്‍ലോക്കല്‍ ഡെലിവറി സേവനമായ ''എക്സ്ട്രീം'' അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച എക്സ്ട്രീം ചെറിയ പാഴ്സലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും വ്യാപാരികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
പേടിഎം ഇന്‍സൈഡറിനെ ഏറ്റെടുക്കുന്നതായി സൊമാറ്റോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലെജന്‍ഡ്സിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.