27 March 2024 11:02 AM IST
Summary
- യുഎസും ചൈനയും നയതന്ത്ര സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇങ്ങനെയുള്ള കൂടിക്കാഴ്ചകള്‍ പ്രതീക്ഷ നല്‍കുന്നു
- ചൈന ഡെവലപ്മെന്റ് ഫോറത്തിനുശേഷം ഉടലെടുത്ത ആശങ്കകള്‍ ദൂരീകരിക്കാനുള്ള പ്രസിഡന്റ് ഷി യുടെ ശ്രമം
- ചൈനീസ് നേതാക്കളുടെ വിദേശ നിക്ഷേപത്തോടുള്ള അഭിപ്രായങ്ങളില്‍ അനുരഞ്ജനത്തിന് കമ്പനികളുടെ ശ്രമം
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് യുഎസ് എക്‌സിക്യൂട്ടീവുമാരുമായും അക്കാദമിക് വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ബെയ്ജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ ആയിരുന്നു കൂടിക്കാഴ്ച. ഷിയുമായി ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തതിനുശേഷമായിരുന്നു കൂടിക്കാഴ്ച. ഇതുസംബന്ധിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ചൈനയും യുഎസും തമ്മില്‍ സംഘര്‍ഷ നയതന്ത്രം തുടരുന്ന സാഹചര്യത്തില്‍ സാധാരണ യുഎസ് ഒഫീഷ്യല്‍സുമായുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഷി വളരെ കരുതലോടെയാണ്് എടുക്കാറുള്ളത്. അതീവ പ്രാധാന്യമുള്ളവയ്ക്കുമാത്രമെ അദ്ദേഹം അനുമതി നല്‍കിയിരുന്നുള്ളു. അതിനപ്പുറം മറ്റ് മന്ത്രിമാരോ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരോ ആണ് കൂടിക്കാഴ്ചകള്‍ നടത്താറുള്ളത്.
യുഎസ് ഇന്‍ഷുറര്‍ ചബ്ബിന്റെ ചീഫ് എക്‌സിക്യൂട്ടീവ്, ഇവാന്‍ ഗ്രീന്‍ബെര്‍ഗ്, യുഎസ്-ചൈന റിലേഷന്‍സ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സ്റ്റീഫന്‍ ഓര്‍ലിന്‍സ്, യുഎസ്-ചൈന ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് ക്രെയ്ഗ് അലന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 24-25 തീയതികളില്‍ ബെയ്ജിംഗില്‍ നടന്ന ചൈന ഡെവലപ്മെന്റ് ഫോറം സംബന്ധിച്ച് ചില സംശയങ്ങള്‍ ഉടലെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത ചില വിദേശ സിഇഒമാരുമായി പ്രധാനമന്ത്രി ലി ക്വിയാങ് കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. ചൈനയുടെ രണ്ടാം റാങ്കിലുള്ള നേതാവുമായി കാഴ്ചപ്പാടുകള്‍ കൈമാറാനുള്ള അവസരം മുന്‍വര്‍ഷങ്ങളില്‍ ഉച്ചകോടിയുടെ പ്രധാന ഘടകമായി മാറിയിരുന്നു. ഷിയുടെ കൂടിക്കാഴ്ച ചൈനയിലെ സുതാര്യത പാശ്ചാത്യരെ അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.
ചാരവൃത്തി വിരുദ്ധ നിയമം, കണ്‍സള്‍ട്ടന്‍സികള്‍, ഡ്യൂ ഡിലിജന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരായ റെയ്ഡുകള്‍ എന്നിവയിലൂടെ വിദേശ നിക്ഷേപത്തോടുള്ള ചൈനീസ് നേതാക്കളുടെ പരസ്യമായ അഭിപ്രായങ്ങളില്‍ ഒരു അനുരഞ്ജനത്തിന് വിദേശ ബിസിനസുകള്‍ ശ്രമിക്കുന്നുണ്ട്.
ഇതിനുമുമ്പ് ഷി ഇതുപോലൊരു കൂടിക്കാഴ്ച നടത്തിയത് നവംബറിലാണ് . അന്ന് യു.എസ്.-ചൈന ബിസിനസ് കൗണ്‍സിലും നാഷണല്‍ കമ്മിറ്റി ഓണ്‍ യു.എസ്.-ചൈന റിലേഷന്‍സ് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ യു.എസ് എക്‌സിക്യൂട്ടീവുകളോടൊപ്പം അത്താഴം കഴിച്ച് ഷി കൈയ്യടി നേടിയിരുന്നു.
നിലവില്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ മികച്ച രീതിയിലേക്ക് ഉയരുന്നതിന് വിദേശ കമ്പനികളുടെ പ്രവര്‍ത്തനം ആവശ്യമാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഷിയുടെ നടപടിയെന്ന് കരുതുന്നു.