9 April 2025 5:21 PM IST
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‍സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ന് വൈകിട്ട് 4ഓടെയാണ് കപ്പൽ വിഴിഞ്ഞം തീരത്തേക്കെത്തിയത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ആദ്യമായിട്ടാണ് ഈ കപ്പല്‍ നങ്കൂരമിടുന്നത്. വാണിജ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കപ്പൽ എത്തുന്നതെന്നും എംഎസ്‌സി ആരംഭിച്ച ജേഡ് ഷട്ടിൽ സർവീസിന്റെ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു.
399.99 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പൽ ഭീമന് 24346 TEUs കണ്ടെയ്നർ വഹിക്കാൻ കഴിയും. ലോകത്ത് ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള MSC IRINA ശ്രേണിയിലെ കപ്പലുകളിൽ ഒന്നാണിത്. ഒരേ വലിപ്പത്തിലുള്ള 6 കപ്പലുകൾ ഉൾപ്പെടുന്ന ഈ ശ്രേണി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ശ്രേണിയായി കണക്കാക്കപ്പെടുന്നത്.