10 Nov 2023 11:45 AM IST
ലോകത്തിലെ ഏറ്റവും വലിയ ബാങ്കില്‍ ഹാക്കിംഗ്; വമ്പന്‍മാരെ കുടുക്കുന്നത് തുടര്‍ന്ന് ലോക്ക്ബിറ്റ്
MyFin Desk
Summary
- ആക്രമിക്കപ്പെട്ടത് ചൈനീസ് ബാങ്കിന്‍റെ യുഎസ് യൂണിറ്റ്
- യുഎസ് ട്രഷറി ഇടപാടുകള്‍ തടസപ്പെട്ടു
- റഷ്യന്‍ ബന്ധങ്ങളുള്ള ഒരു ക്രിമിനൽ സംഘമാണ് ലോക്ക്ബിറ്റ്
ആസ്തി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കായി കണക്കാക്കുന്ന ഇൻഡസ്ട്രിയൽ & കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് (ഐസിബിസി) ഹാക്കിംഗ് ആക്രമണത്തിന് വിധേയമായതായി റിപ്പോര്‍ട്ട്. നേരത്തേ ബോയിംഗ് കമ്പനി, ഐഒഎന്‍ ട്രേഡിംഗ് യുകെ, യുകെയുടെ റോയൽ മെയിൽ എന്നിവയെ ആക്രമിച്ച അതേ ഹാക്കര്‍ ഗ്രുപ്പ് തന്നെയാണ് ഇതിനു പിന്നിലുമെന്നാണ് സംശയിക്കപ്പെടുന്നത്.
ലോക്ക്ബിറ്റ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘം ഐസിബിസിയുടെ യുഎസ് യൂണിറ്റിലാണ് റാന്‍സംവെയര്‍ ആക്രമണം സംഘടിപ്പിച്ചിട്ടുള്ളതെന്ന് വിവിധ സ്രോതസ്സുകള്‍ ബ്ലൂംബെര്‍ഗിനോട് വെളിപ്പെടുത്തി. ആക്രമണം യുഎസ് ട്രഷറി വിപണിയില്‍ വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ചില ഇടപാടുകൾ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ട്രേഡര്‍മാരോട് അവരുടെ ഡീലുകൾ വഴിതിരിച്ചുവിടാൻ ആവശ്യപ്പെടുകയും ചെയ്തു.
റഷ്യന്‍ ബന്ധങ്ങളുള്ള ഒരു ക്രിമിനൽ സംഘമാണ് ലോക്ക്ബിറ്റ്. തങ്ങളുടെ ഇരകളുടെ കമ്പ്യൂട്ടറുകളിലെ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യാൻ റാന്‍സംവെയര്‍ എന്നറിയപ്പെടുന്ന ക്ഷുദ്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് ഇവര്‍. ഫയലുകൾ അൺലോക്ക് ചെയ്യുന്നതിന് ഇരകളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. ഈ വർഷമാദ്യം, ഐഒഎന്‍-ന് എതിരായ ഒരു ആക്രമണത്തിന്റെ ക്രെഡിറ്റ് അവര്‍ ഏറ്റെടുത്തിരുന്നു. ചരക്കുകൾ മുതൽ ബോണ്ടുകൾ വരെയുള്ള എല്ലാ ഇനങ്ങളുടെയും ഡെറിവേറ്റീവുകളുടെ വ്യാപാരത്തെ ആ ആക്രമണം ബാധിച്ചിരുന്നു.
ഐസിബിസി ഫിനാൻഷ്യൽ സർവീസസ് യൂണിറ്റില്‍ നടന്ന ഒരു റാന്‍സംവെയര്‍ ആക്രമണം അതിന്‍റെ ചില സിസ്റ്റങ്ങളിലെ തടസ്സങ്ങള്‍ക്ക് ഇടയാക്കിയെന്ന് വ്യാഴാഴ്ച, ഐസിബിസി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തുകയാണെന്നും വീണ്ടെടുക്കൽ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബാങ്ക് അറിയിച്ചു. തങ്ങളുടെ ഹെഡ് ഓഫീസിലെയും ന്യൂയോർക്ക് ബ്രാഞ്ച് ഉൾപ്പെടെയുള്ള മറ്റ് ആഭ്യന്തര, വിദേശ ഉപ സ്ഥാനങ്ങളിലെയും സിസ്റ്റങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ബാങ്ക് വിശദീകരിക്കുന്നു.
ഒരാഴ്ച മുമ്പ്, ബോയിംഗും തങ്ങള്‍ സൈബർ ആക്രമണം നേരിട്ടതായി വെളിപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ സ്പെയർ പാർട്‌സ്, സോഫ്റ്റ്‌വെയർ, സേവനങ്ങൾ എന്നിവ വിൽക്കുന്ന ബോയിംഗിന്‍റെ വെബ്‌സൈറ്റാണ് ബാധിക്കപ്പെട്ടത്. നവംബർ 2-നകം മോചനദ്രവ്യം നൽകിയില്ലെങ്കിൽ ബോയിംഗിന്റെ സെൻസിറ്റീവ് ഡാറ്റ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ലോക്ക്ബിറ്റ് തങ്ങളുടെ പേര് ബോയിംഗ് വെബ്‌സൈറ്റിൽ സ്ഥാപിച്ചു, അന്ത്യശാസനം അവസാനിക്കുന്നതു വരെയുള്ള കൗണ്ട്ഡൗണും കാണാനാകുമായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം അപ്രത്യക്ഷമായി.
ജപ്പാനിലെ ഏറ്റവും വലിയ തുറമുഖം, കാലിഫോർണിയയിലെ ധനകാര്യ വകുപ്പ്, കനേഡിയയിലെ കുട്ടികളുടെ ആശുപത്രി എന്നിവയും അടുത്തിടെ ലോക്ക്ബിറ്റിന്‍റെ ആക്രമണം നേരിട്ടിരുന്നു.