4 Oct 2023 2:59 PM IST
Summary
- അണിനിരക്കുന്നത് 120 കമന്റേറ്റര്‍മാര്‍
- 33 കോടി രൂപയാണ് ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ആവേശകരമായ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാളെ (ഒക്ടോബര്‍ 5) അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടിക്കൊണ്ട് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും.
മത്സരം സൗജന്യമായി തത്സമയ സ്ട്രീമിംഗിലൂടെ കാണാന്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ യൂസര്‍മാര്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണ്. ഐസിസിയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റ് പാര്‍ട്ണറായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 9 ഭാഷകളില്‍ മത്സരം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുഗ്, കന്നഡ, ബംഗാളി, ഗുജറാത്തി, മലയാളം തുടങ്ങിയ ഭാഷകളില്‍ മത്സരത്തിന്റെ കമന്ററിയുണ്ടാവും.
ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡന്റെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എട്ട് അവതാരകരില്‍ ഒരാളാകുമെന്നതും ഒരു പ്രത്യേകതയാണ്.
മത്സരത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ അത് ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തിക്കാന്‍ അണിനിരക്കുന്നത് 120 കമന്റേറ്റര്‍മാരാണ്. ടൂര്‍ണമെന്റില്‍ ആകെ 48 മത്സരങ്ങളാണ് അരങ്ങേറുന്നത്. ഈ മത്സരങ്ങളുടെ കമന്ററി ഒമ്പത് ഭാഷകളില്‍ ലഭ്യമാവുകയും ചെയ്യും.
റിക്കി പോണ്ടിംഗ്, ഇയാന്‍ മോര്‍ഗന്‍, രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, ഷെയ്ന്‍ വാട്‌സണ്‍, വഖാര്‍ യൂനിസ്, ഹര്‍ഷ ബോഗ്‌ലെ, രമീസ് രാജ, മാത്യു ഹെയ്ഡന്‍, സഞ്ജയ് മഞ്ജരേക്കര്‍, തുടങ്ങിയ പ്രമുഖര്‍ കമന്ററി പറയുന്ന പാനലിലുണ്ട്.
ലോകകപ്പ് ജേതാക്കളുടെ സമ്മാനത്തുക എത്ര ?
33 കോടി രൂപയാണ് ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പേഴ്‌സിന് 16 കോടി രൂപയും ലഭിക്കും.