8 Oct 2024 9:04 AM GMT
തമിഴ്‌നാട്ടിലെ സാംസങ് ഇലക്ട്രോണിക്‌സ് പ്ലാന്റിലെ തൊഴിലാളികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. സാംസങ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം അവസാനിച്ചത്. സമരം നടത്തുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ സാംസങ് അംഗീകരിക്കുകയായിരുന്നു. ചർച്ച വിജയകരമായതിനു ശേഷം ജീവനക്കാർ സംതൃപ്തരാണെന്ന് മന്ത്രി രാജ എക്‌സിൽ പോസ്റ്റ് ചെയ്തു. 12 മണിക്കൂർ ചർച്ച നടത്തിയതിന് സാംസങ്ങിന്റെ നേതൃത്വത്തെയും ജീവനക്കാരുടെ ക്രിയാത്മക ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു. ചർച്ച വിജയകരമായതിനു ശേഷം ജോലിയിൽ പ്രവേശിക്കാൻ മന്ത്രി രാജ ജീവനക്കാരോട് ആവശ്യപ്പെട്ടു. മെച്ചപ്പെട്ട വേതനം, തൊഴിലാളി യൂണിയനെ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശ്രീപെരുമ്പത്തൂർ യൂണിറ്റിലെ 1100ലധികം തൊഴിലാളികൾ പണിമുടക്കിനിറങ്ങിയത്.