11 March 2025 4:50 PM IST
Summary
- ചെറുകിട ബിസിനസുകാരെ ഇത് ബാധിക്കില്ല
- 40 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള കടയുടമകള്‍ക്കായിരിക്കും നിരക്ക് ബാധകമാകുക
- ബാങ്കിങ് മേഖലയില്‍ നിന്ന് ലഭിച്ച ഈ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയില്‍
വ്യാപാരികളുടെ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടിന് ചെലവേറാന്‍ സാധ്യത. യുപിഐ, റുപേ കാര്‍ഡുകള്‍ക്ക് വീണ്ടും വ്യാപാര നിരക്കുകള്‍ ചുമത്തിയേക്കും.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് കടയുടമകള്‍ അവരുടെ ബാങ്കുകള്‍ക്ക് അടയ്ക്കുന്ന ചാര്‍ജാണ് എംഡിആര്‍. അതായത് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്. ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ്, ഭീം ആപ്, ആധാര്‍ പേ എന്നിവ ഉപയോഗിച്ചു 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ അതിന്മേല്‍ വ്യാപാരികള്‍ ബാങ്കുകള്‍ക്കു നല്‍കേണ്ട തുകയാണിത്. നിലവില്‍ ഈ ഫീസ് അടക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വ്യാപാരികളെ ഒഴിവാക്കിയിരുന്നു. പകരം സര്‍ക്കാര്‍ തന്നെ നേരിട്ട് ബാങ്കുകള്‍ക്ക് തുക നല്‍കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത് വീണ്ടും നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ബാങ്കിങ് മേഖലയില്‍ നിന്ന് ലഭിച്ച ഈ ശുപാര്‍ശ സര്‍ക്കാരിന്റെ സജീവ ശ്രദ്ധയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 40 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള കടയുടമകള്‍ക്കായിരിക്കും എംഡിആര്‍ ഏര്‍പ്പെടുത്തുക. ചെറുകിട ബിസിനസുകാരെ ഇത് ബാധിക്കില്ലെന്നത് ആശ്വാസകരമാണ്.
വിസ, മാസ്റ്റര്‍കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയ്ക്ക് എംഡിആര്‍ അടക്കുന്നവരാണ് വന്‍കിട വ്യവസായികള്‍. അപ്പോള്‍ യുപിഐ ഇടപാടിനും അടയ്ക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.