image

10 Jan 2023 2:03 PM GMT

News

‘ട്രാൻസ് ഗ്രിഡിന്റെ’ ഉടമ ആര്? ഓഡിറ്റർമാരുടെ ചോദ്യത്തിൽ ഉത്തരം മുട്ടി കെഎസ്ഇബി

C L Jose

transgrid kseb kiifb
X

Summary

  • പദ്ധതിക്ക് 2022 മാർച്ച് 31 വരെയുള്ള കിഫ്ബി വായ്പ 401 കോടി രൂപയാണ്
  • സിസ്റ്റത്തിന്റെ വിശ്വാസ്യതയും സുരക്ഷയും വർധിപ്പിക്കുക, പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്താതെ സിസ്റ്റം നഷ്ടം കുറയ്ക്കുക എന്നിവയായിരുന്നു ട്രാൻസ്‌ഗ്രിഡ് 2.0 പ്രൊജക്‌റ്റിൻറെ പ്രധാന ഉദ്ദേശം.


തിരുവനന്തപുരം: വളരെ കൊട്ടിഘോഷിച്ച ട്രാൻസ്ഗ്രിഡിന്റെ ഉടമ ആരാണ്? ഇപ്പോൾ ഉത്തരം തേടുന്ന പ്രധാന ചോദ്യം ഇതാണ്. മുൻ പ്രതിപക്ഷ നേതാവ് ഉന്നയിചിച്ച അഴിമതിയാരോപണങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ട്രാൻസ്‌ഗ്രിഡ് 2.0 പദ്ധതി അതിന്റെ ആരംഭ ദശ മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു,

കെഎസ്ഇബി ലിമിറ്റഡിന്റെ (കെഎസ്ഇബിഎൽ) സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാർ വർഷാവർഷം ആവർത്തിച്ച് ഉന്നയിക്കുന്ന ഒരു ചോദ്യമാണെങ്കിലും, ഇക്കാര്യത്തിൽ ഇപ്പോഴും ബോർഡ് വ്യക്തത വരുത്തിയിട്ടില്ല.

ട്രാൻസ്‌ഗ്രിഡ് 2.0 പ്രൊജക്‌റ്റ് 2016-ലാണ് കെഎസ്‌ഇബിഎൽ അംഗീകരിക്കുന്നത്. സിസ്റ്റത്തിന്റെ വിശ്വാസ്യതയും സുരക്ഷയും വർധിപ്പിക്കുക, പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്താതെ സിസ്റ്റം നഷ്ടം കുറയ്ക്കുക. എന്നിവയായിരുന്നു അതിന്റെ പ്രധാന ഉദ്ദേശം.


കേരള ഗവൺമെന്റ് (GoK) ആവിഷ്‌കരിച്ചതും പ്രാഥമികമായി കേരള ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി; KIIFB) ധനസഹായം നൽകുന്നതുമായ ട്രാൻസ്‌ഗ്രിഡ് 2.0 പ്രോജക്ടിന്റെ ഒരു നിർവ്വഹണ ഏജൻസിയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്.

"പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ആസ്തികളുമായി ബന്ധപ്പെട്ട അവകാശങ്ങൾ/ബാധ്യതകൾ സംബന്ധിച്ച് കെഎസ്ഇബിയും വൈദ്യുതി വകുപ്പും കിഫ്ബിയും ഒപ്പിട്ട ത്രികക്ഷി കരാർ മൗനം പാലിക്കുകയാണെന്ന്" ഓഡിറ്റർമാർ പലതവണ ഓർമപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരുകാര്യം, പ്രോജക്റ്റിന് കീഴിൽ സമ്പാദിച്ചതോ നിർമ്മിച്ചതോ ആയ ആസ്തികൾ കെഎസ്ഇബി അതിന്റെ മൂലധന പ്രവർത്തനത്തിന്റെ ഭാഗമായി പദ്ധതിയുടെ പുരോഗതി/വസ്തു, പ്ലാന്റ്, ഉപകരണങ്ങൾ എന്നിവയായി കാണിച്ചുപോരുകയാണ്.

കിഫ്‌ബി ഫണ്ട് ചെയ്ത തുക ഇലക്ട്രിസിറ്റി ബോർഡ് അതിന്റെ ബാലൻസ് ഷീറ്റിൽ അവരുടെ ബാധ്യതയായി കാണിച്ചിരിക്കുന്നു, അതേസമയം കരാറുകാർക്ക് നൽകിയ അഡ്വാൻസ് ഇലക്ട്രിസിറ്റി ബോർഡ് തങ്ങളുടെ ആസ്തിയായിട്ടാണ് കാണിച്ചിട്ടുള്ളത്. ഇത് പദ്ധതിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു.

“കിഫ്ബി നൽകിയ ഫണ്ടിൽ നിന്ന് പ്രോജക്റ്റിനായി നിർമ്മിച്ചതോ ഏറ്റെടുത്തതോ ആയ ആസ്തികളുടെ ഉടമസ്ഥാവകാശത്തിലും കിഫ്ബിയിൽ നിന്ന് ലഭിച്ച തുകയുടെ സ്വഭാവത്തിലും വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, കെഎസ്ഇബിയുടെ 2022 മാർച്ച് 31-ന് അവസാനിച്ച വർഷത്തിലെ ബാലൻസ് ഷീറ്റിൽ ട്രാൻസ്ഗ്രിഡ് 2.0 പ്രോജക്റ്റുമായി ബന്ധപ്പെട്ട ആസ്തികളും ബാധ്യതകളും വെളിപ്പെടുത്തുന്നതിനോ അതിന്റെ മൂല്യത്തിൽ സംഭവിച്ചിട്ടുള്ള ഇടിവിനെക്കുറിച്ചു സംസാരിക്കുന്നതിനോ ഞങ്ങൾക്ക് കഴിയില്ല,” ഓഡിറ്റർമാർ അഭിപ്രായപ്പെട്ടു.


കെ‌എസ്‌ഇ‌ബി‌യുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള കുറിപ്പുകളിൽ 2022 മാർച്ച് 31 വരെ ട്രാൻസ്‌ഗ്രിഡ് പ്രോജക്റ്റിന് പവർ സിസ്റ്റം വികസന ഫണ്ടിൽ (PSDF) നിന്നും ഗ്രാന്റായി 66.14 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് കാണുന്നു.

കെഎസ്ഇബിഎൽ 14.93 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചപ്പോൾ ഏറ്റവും വലിയ തുകയായ 401.19 കോടി രൂപ കിഫ്ബിയിൽ നിന്ന് വായ്പയായി പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.

കെഎസ്ഇബിയുടെ വിശദീകരണം

ട്രാൻസ്‌ഗ്രിഡ് 2.0 പ്രോജക്‌റ്റിന് കീഴിൽ സൃഷ്‌ടിച്ച ആസ്തികളുടെ ശരിയായ കണക്കെടുപ്പിനായി ത്രികക്ഷി കരാർ ഭേദഗതി ചെയ്യുന്നതിന് ഡയറക്ടർ (ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ) ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഓഡിറ്റർമാരുടെ ചോദ്യത്തിന് മറുപടിയായി കെഎസ്ഇബി വിശദീകരിച്ചു.

2020 നവംബർ 17-ന് കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറും കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും തമ്മിൽ നടന്ന യോഗത്തിൽ, ആസ്തിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് ടിപിഎയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സമ്മതിച്ചു,” കെഎസ്ഇബിഎൽ തുടർന്ന് പറഞ്ഞു.

ഇത് ആദ്യമായല്ല ഓഡിറ്റർമാർ ഇതേ ചോദ്യം ഉന്നയിക്കുന്നതും, ചോദ്യത്തിന് കെഎസ്ഇബിഎൽ വിശദീകരണം നൽകുന്നതും; എങ്കിലും, കാലാകാലങ്ങളായി വിഷയത്തിൽ തൽസ്ഥിതി തുടരുകയാണ്.

ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിനുള്ള പ്രസരണ ശേഷി വർധിപ്പിക്കുക, വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വിശ്വാസ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക, നഷ്ടം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇലക്ട്രിസിറ്റി ബോർഡ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി ഏറ്റെടുത്തത്.

ബോർഡിന്റെ രേഖകൾ അനുസരിച്ച്, ഇതിനുള്ള ജോലികൾ രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്, ആദ്യ ഘട്ടം 2017-2022 ലും രണ്ടാം ഘട്ടം 2024 ഓടെ പൂർത്തീകരിക്കാനാണ് തീരുമാനം.

കിഫ്ബിയിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പകളും പവർ സിസ്റ്റം ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്നും ഗ്രീൻ എനർജി കോറിഡോർ (എംഎൻആർഇ) പദ്ധതിയിൽ നിന്നുമുള്ള ഗ്രാന്റുകളും ഉപയോഗിച്ചാണ് പദ്ധതിക്ക് പ്രധാനമായും ധനസഹായം നടപ്പാക്കുന്നത്.