image

3 Jan 2024 12:35 PM GMT

News

ഗോതമ്പുല്‍പ്പാദനം പുതിയ റെക്കാര്‍ഡിലെത്തുമെന്ന് പ്രതീക്ഷ

MyFin Desk

ഗോതമ്പുല്‍പ്പാദനം പുതിയ റെക്കാര്‍ഡിലെത്തുമെന്ന് പ്രതീക്ഷ
X

Summary

  • കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ മികച്ച ഉല്‍പ്പാദനം
  • ഗോതമ്പ് കരുതല്‍ ശേഖരം നിലവിലെ സാഹചര്യത്തിന് പര്യാപ്തം
  • ഗോതമ്പ് എംഎസ്പി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം കൂടുതല്‍


2023-24ല്‍ ഇന്ത്യയുടെ ഗോതമ്പ് ഉല്‍പ്പാദനം 114 ദശലക്ഷം ടണ്‍ എന്ന പുതിയ റെക്കോര്‍ഡിലെത്തുമെന്ന് പ്രതീക്ഷ. ഈ വിളവര്‍ഷത്തില്‍ കാലാവസ്ഥയും മറ്റും സാധാരണ നിലയിലാണെങ്കില്‍ ഈ ലക്ഷ്യം സാധ്യമാകുമെന്ന് കണക്കുകൂട്ടുന്നതായി ഒരു ഉന്നത ഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രധാന റാബി (ശീതകാല) വിളയായ ഗോതമ്പ് വിതയ്ക്കുന്നതിന്റെ അവസാന ഘട്ടം ഇപ്പോള്‍ നടക്കുകയാണ്. കഴിഞ്ഞയാഴ്ച വരെ 320.54 ലക്ഷം ഹെക്ടറിലാണ് ഗോതമ്പ് കൃഷി ചെയ്തതെന്നാണ് ഔദ്യോഗിക കണക്ക്.

2022-23 വിള വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ഗോതമ്പ് ഉല്‍പ്പാദനം റെക്കോര്‍ഡ് 110.55 ദശലക്ഷം ടണ്ണായി ഉയര്‍ന്നിരുന്നു. അതിനുമുന്‍വര്‍ഷത്തെ ഉല്‍പ്പാദനം 107.7 ദശലക്ഷം ടണ്ണായിരുന്നു.

'ഈ വര്‍ഷം ഗോതമ്പ് കൃഷി ചെയ്യുന്ന മൊത്തം വിസ്തൃതി വര്‍ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഉല്‍പ്പാദനം 114 ദശലക്ഷം ടണ്‍ ആകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അതാണ് കൃഷി മന്ത്രാലയം അനൗപചാരികമായി ഞങ്ങളോട് സൂചിപ്പിച്ചത്,' ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ചെയര്‍മാനും. മാനേജിംഗ് ഡയറക്ടര്‍ അശോക് കെ മീണ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗോതമ്പ് വിതയ്ക്കുന്ന സ്ഥലത്തും വര്‍ധനവുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഒരു ശതമാനത്തിന്റെ കമ്മിയുണ്ടായെങ്കിലും ജനുവരി ആദ്യവാരം അതും നികത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഭരണം വേഗത്തിലാക്കാന്‍ കേന്ദ്ര നോഡല്‍ ഏജന്‍സി പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലവിലുള്ളത് ബഫര്‍ ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ് എന്ന് മീണ വ്യക്തമാക്കി.

'ഗോതമ്പ് എംഎസ്പി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം കൂടുതലായതിനാല്‍, ധാരാളം കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എഫ്‌സിഐക്ക് നല്‍കാന്‍ തയ്യാറാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, എഫ്സിഐയുടെ ഗോതമ്പ് സംഭരണം 26.2 ദശലക്ഷം ടണ്ണായിരുന്നു, ഇത് വാര്‍ഷിക ബഫര്‍ ആവശ്യകതയായ 18.4 ദശലക്ഷം ടണ്ണിനെക്കാള്‍ കൂടുതലാണ്. ഈ വര്‍ഷത്തെ ഗോതമ്പ് ഏപ്രില്‍ മുതല്‍ വിളവെടുപ്പിന് പാകമാകും.

കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കാന്‍ അരിയും ഗോതമ്പും വാങ്ങുകയും റേഷന്‍ കടകള്‍ വഴി 81 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്ര നോഡല്‍ ഏജന്‍സിയാണ് എഫ്‌സിഐ.