2 Nov 2023 2:39 PM IST
Summary
ഗണ്യമായ നഷ്ടത്തിനു പുറമെ, കുറച്ചു വര്‍ഷങ്ങളായി വന്‍ കടബാധ്യതയും അഭിമുഖീകരിക്കുകയാണ് കമ്പനി
ന്യൂയോര്‍ക്ക് ആസ്ഥാനമായ വീ വര്‍ക്ക് എന്ന കമ്പനി അടുത്തയാഴ്ച പാപ്പർ ഹർജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
കോ-വര്‍ക്കിംഗ് സ്‌പേസ് വാഗ്ദാനം ചെയ്യുന്ന കമ്പനിക്ക് 2019-ല്‍ 4700 കോടി ഡോളറിന്റെ വിപണിമൂല്യം കണക്കാക്കിയിരുന്നു. സോഫ്റ്റ്ബാങ്ക് പോലെയുള്ള വമ്പന്മാരുടെ പിന്തുണയും വീ വര്‍ക്കിന് ഉണ്ടായിരുന്നു.
ഗണ്യമായ നഷ്ടത്തിനു പുറമെ, കുറച്ചു വര്‍ഷങ്ങളായി വന്‍ കടബാധ്യതയെയും അഭിമുഖീകരിച്ചു വരികയായിരുന്നു കമ്പനി. ഇതാണ് പാപ്പരത്തത്തിലേക്കു നയിച്ചത്.
കോവിഡ്-19 മഹാമാരി സമയത്ത് കമ്പനിയുടെ വര്‍ക്കിംഗ് മോഡലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബിസിനസിനു തിരിച്ചടിയായി.
ഇന്ത്യയില്‍ വീ വര്‍ക്കിന്റെ ബിസിനസ് നടത്തുന്നതും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും എംബസി ഗ്രൂപ്പാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എംബസി ഗ്രൂപ്പ്. ഇവരുടെ കൈവശമാണ് വീ വര്‍ക്കിന്റെ ഇന്ത്യയിലെ ബിസിനസിന്റെ ഭൂരിഭാഗം ഓഹരികളുമുള്ളത്. ഏകദേശം 73 ശതമാനം ഓഹരികള്‍ വരും. ഇന്ത്യയിലെ വീ വര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ പാപ്പർ ഹർജി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
വീ വര്‍ക്ക് ഇന്ത്യയ്ക്ക് 50-ാളം സെന്ററുകളാണ് ഇന്ത്യയിലുള്ളത്. ന്യൂഡല്‍ഹി, ഗുരുഗ്രാം, നോയ്ഡ, മുംബൈ, ബെംഗളുരു, പുനെ, ഹൈദരാബാദ് തുടങ്ങിയ ഏഴ് നഗരങ്ങളിലായി 6.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന സ്‌പേസാണ് സ്വന്തമായുള്ളത്.
അടുത്തയാഴ്ച പാപ്പർ ഹർജി നല്കുമെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ വീ വര്‍ക്കിന്റെ ഓഹരികള്‍ 37 ശതമാനത്തോളം ഇടിഞ്ഞു.