21 Dec 2024 12:20 PM GMT
വയനാടിന്റെ പുനർനിർമാണത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം - ചിഞ്ചുറാണി
MyFin Desk
ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തിൽ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
'മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ദുരന്തം ക്ഷീര കാർഷിക മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. നിസഹായരായ മനുഷ്യരും നിരവധി വളർത്തുമൃഗങ്ങളും ഉൾപ്പെടുന്ന ജൈവവൈവിധ്യമാണ് നമുക്ക് നഷ്ടമായത്. ഈ പ്രദേശങ്ങളുടെ പുനരധിവാസമാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. വയനാടിന് പ്രത്യേക പരിഗണ നൽകിയുള്ള പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ നടന്നുവരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന് അതീവ പ്രാധാന്യമുണ്ട്. പത്ത് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ക്ഷീര കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്യുകയും സാധ്യമായ പ്രതിവിധികൾ നടപ്പിലാക്കുകയും ചെയ്യും. ക്ഷീര കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭകത്വ വികസന പരിപാടികളും കോൺക്ലേവിന്റെ ഭാഗമായി നടക്കും.'- മന്ത്രി പറഞ്ഞു.
ദുരന്ത മേഖലയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമർപ്പിച്ച സമഗ്ര പാക്കേജിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവ പൂർണമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. അനിൽ കെ എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ നിർണയിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യുഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിൽ (KIRF) വെറ്ററിനറി സർവകലാശാലയ്ക്ക് നാലാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതായി പ്രൊഫ. ഡോ. അനിൽ കെ എസ് പറഞ്ഞു. അഗ്രികള്‍ച്ചറല്‍ ആന്റ് അലൈഡ് കോളേജ് വിഭാഗത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളും പൂക്കോടിലെയും തൃശൂർ മണ്ണുത്തിയിലെയും വെറ്ററിനറി കോളജുകൾക്കാണ് ലഭിച്ചിട്ടുള്ളത്.
പൂക്കോട് വെറ്ററിനറി കോളേജ് സംരംഭക വിഭാഗം ഡയറക്ടർ പ്രൊഫ. ഡോ. ടി എസ് രാജീവ് കോൺക്ലേവിന്റെ പദ്ധതി വിശദീകരണം നടത്തി. കോളേജ് രജിസ്ട്രാർ പ്രൊഫ. പി സുധീർ ബാബു, ഡീൻ ഡോ. മായ എസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. രാജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം വി, വെറ്ററിനറി സർവകലാശാല ഫിനാൻസ് ഓഫീസർ ദിനേശൻ എ കെ, സർവകലാശാല മാനേജ്‌മന്റ് കൗൺസിൽ അംഗങ്ങളായ ഡോ. ബിബിൻ കെ സി, ഡോ. ദിനേശ് പി ടി, സന്തോഷ് സി ആർ, അഭിരാം പി തുടങ്ങിയവർ പങ്കെടുത്തു.