image

31 July 2024 12:02 PM IST

News

വയനാട്: രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; മരണസംഖ്യ ഉയരുന്നു

MyFin Desk

വയനാട്: രക്ഷാപ്രവര്‍ത്തനം   ഊര്‍ജ്ജിതം; മരണസംഖ്യ ഉയരുന്നു
X

Summary

  • മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും
  • ഇന്നലെ രാത്രി പത്തുമണിവരെ മുണ്ടക്കൈഗ്രാമത്തില്‍നിന്ന് രക്ഷപെടുത്തിയത് 70 പേരെ


കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു.പരിക്കേറ്റ നൂറുകണക്കിന് ആള്‍ക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉരുള്‍ പൊട്ടലുണ്ടായ ചൂരല്‍ മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ സമീപത്തെ ചില ഗ്രാമങ്ങള്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

മരണസംഖ്യ 163 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. നൂറുകണക്കിന് ആള്‍ക്കാര്‍ ഇനിയും ദുരന്ത മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വന്‍തോതിലുള്ള മണ്ണിടിച്ചിലില്‍ വീടുകളും റോഡുകളും തകര്‍ന്നതും മരങ്ങള്‍ കടപുഴകിയതും ജലാശയങ്ങള്‍ നിറഞ്ഞ് കവിഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു.

വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, ആര്‍മി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രാത്രി 11 മണിയോടെ കല്‍പ്പറ്റയിലെ ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി പത്തുമണിവരെ മുണ്ടക്കൈഗ്രാമത്തില്‍നിന്ന് 70 പേരെ രക്ഷിച്ചതായി എന്‍ഡിആര്‍എഫ് കമാന്‍ഡര്‍ അഖിലേഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍പേര്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു. പത്തുമണിക്കുശേഷം മോശം കാലാവസ്ഥ കാരണം തിരച്ചില്‍ നിര്‍ത്തി. പല ടീമുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ കൃത്യമായ മരണസംഖ്യ നല്‍കാന്‍ കഴിയില്ലെന്നും എന്‍ഡിആര്‍എഫ് കമാന്‍ഡര്‍ അറിയിച്ചു. ഓരോ ടീമിനും അവര്‍ ഏര്‍പ്പെട്ട പ്രവര്‍ത്തികളെക്കുറിച്ച് മാത്രമാണ് അറിവുണ്ടാകുക. രക്ഷപെടുത്തിയവരെ ഒരു റിസോര്‍ട്ടിലും പള്ളിയിലുമായി താമസിപ്പിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിന് കീഴിലുള്ള വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ, ചൂരമല പ്രദേശങ്ങള്‍ ഒലിച്ചുപോയ രണ്ട് വന്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്.