image

30 July 2024 7:26 AM

News

ദുരന്ത ഭൂമിയായി വയനാട്; മരണം അറുപത് കടന്നു

MyFin Desk

ദുരന്ത ഭൂമിയായി വയനാട്;  മരണം അറുപത് കടന്നു
X

Summary

  • സൈന്യം ചൂരല്‍മലയില്‍
  • എയര്‍ലിഫ്റ്റിംഗിനായി എത്തിയ ഹെലിക്കോപ്റ്ററുകള്‍ക്ക് മോശം കാലാവസ്ഥ തിരിച്ചടിയായി
  • മേഖലയിലെ പ്രധാന പാലവും തകര്‍ന്നു


വയനാട് ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉല്‍പൊട്ടലില്‍ മരണസംഖ്യഅറുപത് കടന്നു. മണ്ണിടിച്ചിലിലും മറ്റും നിരവധി ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഭയപ്പെടുന്നു.

മേപ്പാടി ചൂരല്‍ മലയിലും മുണ്ടക്കൈ ടൗണിലും ഇന്ന് പുലര്‍ച്ചെയാണ് ദുരന്തം വിതറിയ ഉരുള്‍പൊട്ടലുണ്ടായത്. മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ചാലിയാര്‍ പുഴയില്‍വരെ കണ്ടെത്തിയിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തിയ എന്‍ഡിആര്‍എഫ് നിരവധി മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ഒരാളെ ജീവനോടെ രക്ഷിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു.

ചൂരല്‍മല, തൊണ്ടര്‍നാട് പ്രദേശങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദുരിതബാധിതരായ ആളുകളെ സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയാണ്.

നിലവില്‍, മണ്ണിടിച്ചിലില്‍ കാണാതായവരെയും മരിച്ചവരെയും കുറിച്ച് പൂര്‍ണമായ അറിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യാഗസ്ഥര്‍ പറയുന്നത്.

കല്‍പ്പറ്റയില്‍ ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ദുരന്തഭൂമിയായ മുണ്ടക്കൈ. ചൂരല്‍മല തകര്‍ന്നതോടെ മണ്ണും മരങ്ങളും കുത്തൊഴുക്കില്‍ താഴേക്ക് പതിച്ചു. മലയോരമേഖലയിലെ വീടുകള്‍ ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മേഖലയിലെ പ്രധാന പാലവും തകന്നതോടെ രക്ഷാപ്രവര്‍ത്തര്‍ക്ക് ദുരന്തഭൂമിയിലേക്ക് എത്താനാകുന്നില്ല.

ദുരന്ത ഭൂമിയില്‍ എയര്‍ലിഫ്റ്റിംഗിനായി എത്തിയ ഹെലിക്കോപ്റ്ററുകളും മോശം കാലാവസ്ഥയെത്തുടര്‍ന്ന് മടങ്ങിയതും തിരിച്ചടിയായി.

2019ല്‍ ഉല്‍ പൊട്ടിയ മേഖലക്കു സമീപമാണ് ചൂരല്‍ മലയും മുണ്ടക്കൈയും.