11 April 2024 10:56 AM
Summary
- ടാങ്കറുകള്‍ വഴി വെള്ളം ഓര്‍ഡര്‍ ചെയ്യുന്നുവെങ്കിലും അത് തികയാറില്ല
- ബെംഗളൂരുവിലെ വേനല്‍ക്കാലം ഒരു മുന്നറിയിപ്പ് മാത്രമാണെന്ന് വിദഗ്ധര്‍
- നഗരത്തിന്റെ 66ശതമാനം പച്ചപ്പും നഷ്ടപ്പെട്ടുകഴിഞ്ഞു
ബെംഗളൂരുവില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുമ്പോള്‍ പ്രതിഷേധങ്ങളും തെരുവിലേക്കിറങ്ങുകയാണ്.നഗരത്തിലെ ആഡംബര അപ്പാര്‍ട്ടുമെന്റ് സമുച്ചയത്തിലെ താമസക്കാരാണ് വന്‍പ്രതിഷേധവുമായി തെരുവിലെത്തിയത്. അവര്‍ അപ്പാര്‍ട്ടുമെന്റ് നിര്‍മ്മാതാവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സെന്‍ട്രല്‍ ബെംഗളൂരുവിലെ ഷാപൂര്‍ജി പല്ലോന്‍ജി പാര്‍ക്ക്വെസ്റ്റില്‍ രണ്ട് കോടിയോളം രൂപ വിലയുള്ള ഫ്‌ളാറ്റുകളിലെ താമസക്കാരാണ് വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് തെരുവിലിറങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോയില്‍ ധാരാളം പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. 'ഞങ്ങള്‍ക്ക് വെള്ളം വേണം!' എന്ന പ്ലക്കാര്‍ഡുകളും അവര്‍ പിടിച്ചിട്ടുണ്ട്.
പ്രതിദിനം 40 ലക്ഷം മുതല്‍ 2 കോടി ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും വിതരണം വെട്ടിക്കുറയ്ക്കുമെന്ന ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് താമസക്കാരുടെ പ്രതിഷേധം.
അതേസമയം, താമസക്കാരുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കാന്‍ ഷപൂര്‍ജി പല്ലോന്‍ജി റിയല്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രസ്താവന പുറത്തിറക്കി.
'ജല ആവശ്യകതകളുടെ കുറവ് നികത്താന്‍ ഞങ്ങള്‍ ടാങ്കറുകള്‍ വഴി വെള്ളം ഓര്‍ഡര്‍ ചെയ്യുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍, ടാങ്കര്‍ ജലവിതരണക്കാരും ഇതേ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ 100 ശതമാനം വിതരണം ചെയ്യാന്‍ കഴിയുന്നില്ല.' ഷപൂര്‍ജി പല്ലോന്‍ജിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മണ്‍സൂണിന്റെ വരവോടെ സ്ഥിതി ഉടന്‍ മെച്ചപ്പെടുമെന്നും ബെംഗളൂരുവിലെ പൗരന്മാര്‍ക്ക് ആശ്വാസം പകരുമെന്നും ഷാപൂര്‍ജി പല്ലോന്‍ജി റിയല്‍ എസ്റ്റേറ്റ് കൂട്ടിച്ചേര്‍ത്തു.
വിദഗ്ധര്‍ പറയുന്നതനുസരിച്ച് 2024-ലെ ബെംഗളൂരുവിന്റെ വേനല്‍ക്കാലം ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്. നഗരത്തിന്റെ 66ശതമാനം പച്ചപ്പും നഷ്ടപ്പെട്ടുകഴിഞ്ഞു. ബില്‍റ്റ്-അപ്പ് ഏരിയയില്‍ 74 ശതമാനം ജലാശയങ്ങളും വറ്റിപ്പോയി. ഈ പ്രവണത തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. 2038 ആകുമ്പോഴേക്കും വനങ്ങള്‍ 0.65 ശതമാനമായി കുറയുമെന്നും വിദഗ്ധര്‍ പറയുന്നു. 2022 ലെ അവസാന സെന്‍സസ് പ്രകാരം ഇത് 3.32 ശതമാനമാണ്.