22 Feb 2025 9:20 AM GMT
കൊച്ചി വാട്ടര്‍മെട്രോ മാതൃകയില്‍ നഗര ജലഗതാഗത സംവിധാനം 12 സംസ്ഥാനങ്ങളില്‍ വികസിപ്പിക്കാനുള്ള സാധ്യത പഠനത്തിന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐഡബ്ല്യുഎഐ) ബോര്‍ഡ് യോഗം തീരുമാനിച്ചു.
അയോധ്യ, പ്രയാഗ്‌രാജ്, വാരാണസി, ധുബ്രി, ഗുവാഹത്തി, കൊൽക്കത്ത, ശ്രീനഗർ, മുംബൈ, വസായ്, മംഗാലാപുരം, ഗാന്ധിനഗർ, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലും ആൻഡമാൻ, ലക്ഷ്വദ്വീപ് ഫെറി സർവീസ് പാതയിലുമാണ് സാധ്യതാ പഠനം. കൊച്ചിവാട്ടർ മെട്രോ മാതൃകയിൽ ഇലക്ട്രിക് ഫെറിയും അത്യാധുനിക ടെർമിനലുകളുമാണ് നിർമിക്കുക.
കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ വാട്ടർ മെട്രോ സർവീസിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. ഇവിടെ സാധ്യത പഠനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. പഠനത്തിനുള്ള ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ്. ഇതിനായി കൺസൾട്ടൻസി വിങ് രൂപീകരണം പൂർത്തിയായി. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ വിജയമാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.